20 November Tuesday

വാജ്പേയിക്ക‌് വിട

സ്വന്തം ലേഖകൻUpdated: Saturday Aug 18, 2018

അന്തരിച്ച മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിക്ക്‌ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ അന്ത്യാഞ്‌ജലി അർപ്പിക്കുന്നു

ന്യൂഡൽഹി > മുൻ പ്രധാനമന്ത്രിയും  ബിജെപി സ്ഥാപക അധ്യക്ഷനുമായ എ ബി വാജ്പേയിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ  രാജ്യം വിട നൽകി.  മൃതദേഹം വെള്ളിയാഴ‌്ച വൈകിട്ട് അഞ്ചോടെ യമുനാതീരത്തെ സ്മൃതിസ്ഥലിൽ സംസ്കരിച്ചു. വളർത്തുമകൾ നമിത ഭട്ടാചാര്യ ചിതയ്ക്ക് തീകൊളുത്തി. ദീർഘകാലമായി രോഗബാധിതനായ വാജ്പേയി(93) വ്യാഴാഴ്ച വൈകിട്ട‌് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് അന്തരിച്ചത‌്.

രാവിലെ ഒമ്പതുമുതൽ ബിജെപി ആസ്ഥാനത്ത് പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ  ആയിരങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് വിലാപയാത്രയായി സ്മൃതിസ്ഥലിലേക്ക് കൊണ്ടുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത് ഷായും വിലാപയാത്രയെ അനുഗമിച്ചു.

സംസ്കാരത്തിനുമുമ്പ്, മൃതദേഹത്തിൽ  പുതപ്പിച്ചിരുന്ന ത്രിവർണപതാക കുടുംബാംഗങ്ങൾക്ക് കൈമാറി. സൈനികർ 21 ആചാരവെടി ഉതിർത്ത് ഉപചാരം അർപ്പിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാമ്ഗ്യയിൽ വാങ്ചുക്ക്, ബംഗ്ലാദേശ് വിദേശമന്ത്രി അബുൾ ഹസൻ മഹമൂദ് അലി, നേപ്പാൾ പ്രധാനമന്ത്രി പ്രദീപ്കുമാർ ഗ്യാവലി, പാകിസ്ഥാൻ നിയമമന്ത്രി അലി സഫർ, ശ്രീലങ്കൻ
വിദേശമന്ത്രി ലക്ഷ്മൺ കിരിയേല, അഫ്ഗാനിസ്ഥാൻ മുൻപ്രസിഡന്റ് ഹമീദ് കർസായി, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ നീലോൽപൽ ബസു, തപൻസെൻ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി, വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. 

കേരള സർക്കാരിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ചുമതലപ്പെടുത്തിയപ്രകാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുഷ്പചക്രം അർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി കേരളഹൗസ് റസിഡന്റ് കമീഷണർ പുനീത്കുമാർ പുഷ്പചക്രം അർപ്പിച്ചു. ഗവർണർ പി സദാശിവം കൃഷ്ണമേനോൻ മാർഗിൽ വാജ്പേയിയുടെ വസതിയിലെത്തി പുഷ്പചക്രം അർപ്പിച്ചു. രാജ്യത്ത് 22 വരെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top