15 November Thursday

പാർലമെന്റ്‌ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

എം പ്രശാന്ത്Updated: Wednesday Jul 18, 2018

ന്യൂഡൽഹി > പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. വർഷകാല സമ്മേളനം ഉൾപ്പെടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പായി ഇനി മൂന്ന് സമ്മേളനം മാത്രമാണുണ്ടാവുക. രാജസ്ഥാനും മധ്യപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങളിൽ നവംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വർഷകാല സമ്മേളനം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേപോലെ നിർണായകമാണ്.

പ്രതിപക്ഷത്ത് മതേതര പാർടികൾക്കിടയിൽ രൂപപ്പെട്ട ഐക്യം മോഡി സർക്കാരിന് വെല്ലുവിളിയാകും. സർക്കാരിനെതിരായി പ്രതിപക്ഷം കൂട്ടായി അവിശ്വാസപ്രമേയം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിലും പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും സ്പീക്കർ അനുവദിച്ചിരുന്നില്ല.

ആൾക്കൂട്ടഹത്യകൾ, തൊഴിലില്ലായ്മ, സ്ത്രീസുരക്ഷ, എസ്സി‐എസ്ടി സംവരണം, കാർഷികമേഖലയിലെ പ്രതിസന്ധി, വിലക്കയറ്റം, സാമ്പത്തികരംഗത്തെ തിരിച്ചടികൾ, കശ്മീർ പ്രതിസന്ധി തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ മോഡി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷം ശ്രമിക്കും. ഇതടക്കം പൊതുവായി ഉന്നയിക്കുന്ന 11 വിഷയത്തിന്റെ അടിസ്ഥാനത്തിലാകും പ്രതിപക്ഷത്തിന്റെ അവിശ്വാസം.
അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് അമിത് ഷായ്ക്കെതിരായി ഉയർന്ന കള്ളപ്പണം വെളുപ്പിക്കൽ ആക്ഷേപവും പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. നോട്ട‌് നിരോധന നടപടി സൃഷ്ടിച്ച ആഘാതം സഭയിൽ ഉയർത്തുമെന്ന് കോൺഗ്രസ് ലോക്സഭാ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ആന്ധ്രപ്രദേശ് പുനഃസംഘടനാ വിഷയത്തിൽ ടിഡിപിയും അവിശ്വാസം കൊണ്ടുവരുന്നുണ്ട്.

സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജനും ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ചുചേർത്തു. രാജ്യത്തിന്റെ വിശാലതാൽപ്പര്യം മുൻനിർത്തി പൊതുപ്രാധാന്യമുള്ള വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

സമ്മേളനകാലയളവിൽ ഒരു ക്രിയാത്മക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി എല്ലാവരും കൂട്ടായി ശ്രമിക്കണമെന്നും സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തണമെന്നും മോഡി പറഞ്ഞു. പാർലമെന്റിന്റെ സുഗമമായ നടത്തിപ്പിനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുമെന്നും രാജ്യം അതാണ് പ്രതീക്ഷിക്കുന്നതെന്നും പാർലമെന്ററികാര്യ മന്ത്രി അനന്തകുമാർ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നീക്കത്തെ എഐഡിഎംകെപോലുള്ള പാർടികളെ ഉപയോഗിച്ച് ചെറുക്കാനാകും സർക്കാർ ശ്രമിക്കുക.

ബജറ്റ് സമ്മേളനത്തിൽ എഐഡിഎംകെ, ടിഡിപി, ടിആർഎസ് പാർടികൾ തുടർച്ചയായി നടുത്തളത്തിലിറങ്ങി സഭ തടസ്സപ്പെടുത്തിയിരുന്നു. സഭ പ്രക്ഷുബ്ധമായതിനാൽ അവിശ്വാസം പരിഗണിക്കാനാകില്ലെന്ന നിലപാട് സ്പീക്കർ സ്വീകരിക്കുകയായിരുന്നു.
രാജ്യസഭയിൽ ഒഴിവുവന്നിരിക്കുന്ന ഉപാധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താതെ നീട്ടാനും സർക്കാർ ശ്രമിക്കും. എന്നാൽ, തെരഞ്ഞെടുപ്പ് ഉടൻ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top