Top
26
Wednesday, July 2017
About UsE-Paper

ഡിഐജി രൂപയെ സ്ഥലംമാറ്റി

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌

ബംഗളൂരു > എഐഡിഎംകെ (അമ്മ) നേതാവ് ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ വിഐപി പരിഗണന നല്‍കുന്നുണ്ടെന്ന് കണ്ടെത്തിയ ജയില്‍ ഡിഐജി ഡി രൂപയ്ക്ക് സ്ഥലംമാറ്റം. ട്രാഫിക് ആന്‍ഡ് റോഡ് സുരക്ഷാ വിഭാഗം ഡിഐജിയായാണ് കര്‍ണാടക സര്‍ക്കാര്‍ രൂപയെ മാറ്റിയത്. കഴിഞ്ഞദിവസം രൂപയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ശശികലയ്ക്ക് ജയിലില്‍ പ്രത്യേക അടുക്കളയടക്കമുള്ള സൌകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് രൂപ രൂപ മേലുദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പുറത്തായതോടെ സംഭവം വിവാദമായി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നതതല അന്വേഷണത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ജയില്‍ ഡിജിപി എച്ച് എന്‍ സത്യനാരായണറാവു രൂപയുടെ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് രംഗത്തെത്തിയതാടെയാണ് വിവാദം കൊഴുത്തത്. റാവുവിനെയും സ്ഥലം മാറ്റി. 

അഴിമതിവിരുദ്ധ ബ്യൂറോ എഡിജിപിയായിരുന്ന എന്‍ എസ് മേഘരികാണ് റാവുവിന് പകരം ജയില്‍ ഡിജിപിയായി ചുമതലയേല്‍ക്കുക. റാവുവിന്റെ പുതിയ നിയമനം സംബന്ധിച്ച് ഉത്തരവില്‍ പ്രതിപാദിക്കുന്നില്ല. റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള ബംഗളൂരു സെന്‍ട്രല്‍ ജയില്‍ ചീഫ് സൂപ്രണ്ട് കൃഷ്ണകുമാറിനെയുംസ്ഥലം മാറ്റി. ബംഗളൂരു സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ആര്‍ അമൃതയ്ക്ക് ജയില്‍ ചീഫ് സൂപ്രണ്ടിന്റെ അധികചുമതല നല്‍കി.

കഴിഞ്ഞ ബുധനാഴ്ചയാണ് ശശികലയ്ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ രണ്ടുകോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി റാവുവിന് രൂപ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫെബ്രുവരിയിലാണ് ശശികലയെ പരപ്പര അഗ്രഹാര ജയിലിലാക്കിയത്. ബന്ധുക്കളായ വി എന്‍ സുധാകരനും എളവരശിയും ശശികലയ്ക്കൊപ്പം ജയിലിലുണ്ട്. നാലുവര്‍ഷത്തെ തടവിനാണ് മൂവരെയും ശിക്ഷിച്ചത്.

റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ശക്തമായി നിഷേധിച്ച് റാവു രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തിയ രൂപയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ രൂപ ഉറച്ചുനിന്നതോടെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വാക്പോര് മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തര ഉത്തരവിലൂടെ ഇരുവരെയും സ്ഥലം മാറ്റിയത്.  ജയിലില്‍ ശിക്ഷയനുഭവിക്കുന്ന വ്യാജമുദ്രപ്പത്ര നിര്‍മാണ സംഘത്തലവന്‍ അബ്ദുള്‍ കരീം തെല്‍ഗിക്കും പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് രൂപയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

അതേസമയം വിഷയത്തില്‍ തെറ്റിദ്ധാരണയുണ്ടെന്നും ശശികലയ്ക്ക് വിഐപി പരിഗണന നല്‍കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത് താനല്ലെന്നും റിപ്പോര്‍ട്ട് അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകമാത്രമാണ് ചെയ്തതെന്നും കഴിഞ്ഞദിവസം രൂപ വ്യക്തമാക്കി.

രൂപയെ സ്ഥലംമാറ്റിയതിനെതിരെ ബിജെപിയും ജെഡിഎസും രംഗത്തുവന്നു. ജയിലിലെ അഴിമതി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയതിലൂടെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാരെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഭരണപരമായ നടപടിമാത്രമാണെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.