Top
23
Thursday, November 2017
About UsE-Paper

ത്രിപുരയില്‍ നിരോധിത സംഘടനയെ പിന്തുണച്ച് ബിജെപി

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > ത്രിപുര വിഭജിച്ച് പുതിയ സംസ്ഥാനം ആവശ്യപ്പെട്ട് നടക്കുന്ന റെയില്‍-റോഡ് ഉപരോധസമരത്തിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയക്കളി. നിരോധിത വിഘടനവാദ സംഘടനയായ എന്‍എല്‍എഫ്ടിയുടെ രാഷ്ട്രീയരൂപമായ ഐപിഎഫ്ടിയാണ് കഴിഞ്ഞ 10 മുതല്‍ അനിശ്ചിതകാല ഉപരോധം നടത്തുന്നത്. ഇതോടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് ത്രിപുര ഒറ്റപ്പെട്ടു. ജനപിന്തുണയില്ലാത്ത സമരം മുന്നോട്ടുകൊണ്ടുപോകാന്‍ വൃത്തികെട്ട മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും ബിജെപി നല്‍കുന്ന പിന്തുണയാണ് സമരക്കാര്‍ക്ക് ഉത്തേജനം.

'ട്വിപ്രലാന്‍ഡ്്' എന്ന പേരില്‍ പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം അനുകൂലമാണെന്ന് ഐപിഎഫ്ടി അവകാശപ്പെടുന്നു. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്രസിങ്ങുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും സംഘടന പറയുന്നു. ബിജെപി ഇക്കാര്യം നിഷേധിച്ചിട്ടില്ല. ഉപരോധത്തെ തള്ളിപ്പറയാത്ത ഏകരാഷ്ട്രീയ പാര്‍ടിയും ബിജെപിയാണ്. ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ ഉപരോധം അവസാനിപ്പിക്കണമെന്ന് ഐപിഎഫ്ടിയോട് ആവശ്യപ്പെടാന്‍ ബിജെപി തയ്യാറാകുന്നില്ല. ഇതില്‍നിന്ന് ബിജെപിയുടെ കള്ളക്കളി വ്യക്തമാണെന്ന് സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ധര്‍ പറഞ്ഞു. ആദിവാസിക്ഷേമത്തിന്റെ കാര്യത്തില്‍ ത്രിപുര രാജ്യത്തെ ഏതു സംസ്ഥാനത്തെ അപേക്ഷിച്ചും മുന്നിലാണ്. ത്രിപുര ആദിവാസി സ്വയംഭരണ കൌണ്‍സില്‍ പരാജയമാണെന്ന ആരോപണം അസംബന്ധമാണ്. ത്രിപുരയില്‍ നടക്കുന്ന ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിവിധ കേന്ദ്രമന്ത്രാലയങ്ങള്‍  അംഗീകരിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

ഉപരോധം ത്രിപുരയില്‍ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു. ഐപിഎഫ്ടിയുടെ ആവശ്യത്തോട് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണം. വിനാശകരമായ സമരത്തില്‍നിന്ന് ഐപിഎഫ്ടിയെ പിന്തിരിപ്പിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണ്- മണിക് സര്‍ക്കാര്‍ പറഞ്ഞു.

വാഹന, റെയില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ നീക്കം നടക്കുന്നില്ല. ആയിരക്കണക്കിന് ട്രക്കുകള്‍ വടക്കന്‍ ത്രിപുരയില്‍ കുടുങ്ങിക്കിടക്കുന്നു. പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ട സ്ഥിതിയാണ്. ട്രെയിന്‍യാത്ര മുടങ്ങിയതിന്റെ ദുരിതം വേറെ. ഉപരോധസമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുമ്പോള്‍ പ്രകോപനം സൃഷ്ടിച്ച് കുഴപ്പമുണ്ടാക്കാനും ഐപിഎഫ്ടി നേതാക്കള്‍ ശ്രമിക്കുന്നു.

Related News

കൂടുതൽ വാർത്തകൾ »