19 November Monday

തമിഴിൽ നീറ്റിന‌് ഗ്രെയ‌്സ‌് മാർക്ക‌്; സിബിഎസ്ഇ സുപ്രീംകോടതിയിൽ

എം അഖിൽUpdated: Tuesday Jul 17, 2018

ന്യൂഡൽഹി‌ > തമിഴിൽ നീറ്റ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ചോദ്യപേപ്പറിലെ പിശകുകളുടെ പേരിൽ ഗ്രെയ്സ് മാർക്ക് അനുവദിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സിബിഎസ്ഇ സുപ്രീംകോടതിയെ സമീപിച്ചു.
തമിഴ് ചോദ്യപേപ്പറിലെ പിഴവുകളുടെ പേരിൽ 196  ഗ്രെയ്സ‌് മാർക്ക് അനുവദിക്കണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരബെഞ്ച് കഴിഞ്ഞയാഴ്ച ഉത്തരവിട്ടത്. ഇതേത്തുടർന്ന് റാങ്ക് ലിസ്റ്റ‌് പ്രകാരമുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നിർത്തിവയ‌്ക്കാൻ നിർബന്ധിതമായ സാഹചര്യത്തിലാണ് സിബിഎസ്ഇ അപ്പീൽ സമർപ്പിച്ചത്.

തെറ്റായ 49 ചോദ്യങ്ങൾക്ക് നാല് മാർക്കുവീതം 196 മാർക്ക് അനുവദിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. തമിഴിൽ പരീക്ഷ എഴുതിയ ഏകദേശം 24,000 വിദ്യാർഥികൾക്ക് ഈ രീതിയിൽ ഗ്രെയ്സ് മാർക്ക് അനുവദിക്കേണ്ടിവരും.
ഗ്രെയ്സ് മാർക്ക് അനുവദിച്ച് റാങ്ക്ലിസ്റ്റ‌് പുതുക്കി പ്രസിദ്ധീകരിക്കാനും ഹൈക്കോടതി നിർദേശിച്ചു. ഇംഗ്ലീഷിൽനിന്ന‌് തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത ചോദ്യങ്ങളിൽ ഗുരുതര പിശകുണ്ടെന്നും ചോദ്യപേപ്പർ വിദ്യാർഥികളെ ആശയക്കുഴപ്പത്തിലാക്കിയെന്നും ചൂണ്ടിക്കാട്ടി സിപിഐ  എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ ടി കെ രംഗരാജനാണ് ഹൈക്കോടതിയെ സമീപിച്ചത്. തമിഴിൽ നീറ്റ്പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് നീതി കിട്ടണമെങ്കിൽ ഗ്രെയ്സ് മാർക്ക് നൽകി റാങ്ക്ലിസ്റ്റ‌് പുനഃപ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഹൈക്കോടതി ഉത്തരവ് അനിശ്ചിതത്വം സൃഷ്ടിച്ചെന്നാണ് സിബിഎസ്ഇ വാദം. നീറ്റ് പരീക്ഷയ്ക്ക് പ്രാദേശികഭാഷ തെരഞ്ഞെടുക്കുന്നവർക്ക് ഇംഗ്ലീഷിലുള്ള ചോദ്യപേപ്പറും നൽകാറുണ്ട്. പ്രാദേശിക ചോദ്യപേപ്പറിൽ പിശകുകളോ അവ്യക്തതയോ ഉണ്ടെങ്കിൽ ഇംഗ്ലീഷിലുള്ള ചോദ്യങ്ങളാണ് അന്തിമമായി പരിഗണിക്കേണ്ടതെന്ന് നേരത്തെ പുറപ്പെടുവിച്ച നീറ്റ് ബുള്ളറ്റിനിൽ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നും സിബിഎസ്ഇ ചൂണ്ടിക്കാട്ടി.  റാങ്ക്ലിസ്റ്റ‌് പുനഃപ്രസിദ്ധീകരിച്ചാൽ അർഹരായ പല വിദ്യാർഥികളും പുറത്താകും. പുറത്താക്കപ്പെടുന്നവരും പിന്നിലാക്കപ്പെടുന്നവരും വീണ്ടും കോടതിയെ സമീപിക്കും.

തുടർച്ചയായ നിയമനടപടികൾ അലോട്ട്മെന്റ് അനിശ്ചിതത്വത്തിലാക്കുമെന്നും സിബിഎസ്ഇ വാദിക്കുന്നു. ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാത്തി, ഒറിയ, തമിഴ്, തെലുങ്ക്, ഉർദു ഭാഷകളിലാണ് നീറ്റ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, ഹിന്ദി, ഉർദു ചോദ്യപേപ്പറുകൾ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും മറ്റ് ഭാഷകളിലുള്ള ചോദ്യപേപ്പറുകൾ അതത് സംസ്ഥാനങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലും നൽകുകയാണ് പതിവ്.

പ്രധാന വാർത്തകൾ
Top