19 October Friday

മിശ്രവിവാഹിതരുടെ സംരക്ഷണത്തിന് നിയമം വൈകരുത്: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 17, 2018


ന്യൂഡല്‍ഹി > മിശ്രവിവാഹിതരെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുന്നതില്‍ കേന്ദ്രസര്‍ക്കാര്‍  ഉദാസീന നിലപാട് തുടര്‍ന്നാല്‍ ആവശ്യമായ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഇഷ്ടമുള്ള ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാ അധികാരവുമുണ്ട്. അച്ഛനമ്മമാര്‍ക്കോ സമൂഹത്തിനോ ഇതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മിശ്രവിവാഹിതരെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും ജാതി പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കൃത്യമായ നിലപാട് അറിയിക്കാന്‍ മൂന്നംഗബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

മിശ്രവിവാഹിതരെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് നിയമകമീഷന്‍ ശുപാര്‍ശയുണ്ടെന്ന് അമിക്കസ്ക്യൂറിയായ രാജു രാമചന്ദ്രന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കമീഷന്റെ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും വിഷയത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും  അഡീഷണല്‍ സോളിസിറ്റര്‍ജനറല്‍ പിങ്കി ആനന്ദ് അറിയിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രബലമായ ജാതി പഞ്ചായത്തുകള്‍ മിശ്രവിവാഹിതരെ ക്രൂരമായ രീതിയില്‍ ശിക്ഷിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സന്നദ്ധസംഘടന 'ശക്തിവാഹിനി'യാണ് കോടതിയെ സമീപിച്ചത്. ഫെബ്രുവരി അഞ്ചിന് കേസില്‍ വീണ്ടും വാദംകേള്‍ക്കും.

പ്രധാന വാർത്തകൾ
Top