23 September Sunday

ഇന്ധനവില കുതിക്കുമ്പോള്‍ ഇറാൻ എണ്ണ ഇന്ത്യ ഒഴിവാക്കുന്നു; കൂടുതൽ പണംമുടക്കി അമേരിക്കൻ എണ്ണ ഇറക്കുമതി വർധിപ്പിക്കും

സാജന്‍ എവുജിന്‍Updated: Sunday Sep 16, 2018

ന്യൂഡൽഹി > പെട്രോൾ, ഡീസൽവില അനുദിനം കുതിച്ചുയരവേ ഇറാനിൽ നിന്നുള്ള അസംസ്‌കൃതഎണ്ണ ഇറക്കുമതി കേന്ദ്രസർക്കാർ പകുതിയായി വെട്ടിക്കുറയ്‌‌‌ക്കുന്നു. പകരം കൂടുതൽ പണംമുടക്കി അമേരിക്കൻ എണ്ണ ഇറക്കുമതി വർധിപ്പിക്കും. ഇറക്കുമതിച്ചെലവ് വർധിപ്പിക്കുന്ന ഈ നടപടി രൂപയുടെ മൂല്യം വീണ്ടും ശോഷിപ്പിക്കും. ഇന്ധനവില വീണ്ടും കുത്തനെ ഉയർത്താനും കാരണമാകും. 

ഇറാനിൽനിന്നുള്ള എണ്ണഇറക്കുമതി നവംബറോടെ പൂർണമായും നിർത്തണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ‌് മോഡിസർക്കാർ.  മാസം 1.2 കോടി വീപ്പ മാത്രം വാങ്ങിയാൽ മതിയെന്നാണ‌് ഇപ്പോൾ നിജപ്പെടുത്തിയിരിക്കുന്നത‌്.  അമേരിക്ക കടുംപിടിത്തം തുടരുന്നതിനാൽ മറ്റു വഴിയില്ലെന്ന് പെട്രോളിയം മന്ത്രാലയം വക്താവ് പറഞ്ഞു.

മേയിൽ പ്രതിദിനം 7,05,200 വീപ്പ ഇന്ത്യ ഇറാനിൽനിന്ന് ഇറക്കുമതി ചെയ്‌തു. ജൂണിൽ ഇത് 5,92,800 വീപ്പയായി കുറച്ചു. ഏപ്രിൽ, ആഗസ്ത് ശരാശരി എടുത്താൽ പ്രതിദിനം 6,58,000 വീപ്പ എണ്ണയാണ് ഇറാനിൽനിന്ന് വാങ്ങിയത്. ഈ ക്രമത്തിലാണെങ്കിൽ സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ രണ്ട് കോടിവീതം വീപ്പയെങ്കിലും ഇറക്കുമതി ചെയ്യേണ്ടിടത്ത് 1.2 കോടി മാത്രം വാങ്ങാനാണ് തീരുമാനം. ഇറാൻഎണ്ണയുടെ ഇറക്കുമതിയിൽ 45 ശതമാനത്തിന്റെ വെട്ടിക്കുറവാണ് ഉണ്ടാകുന്നത്.

ചൈന കഴിഞ്ഞാൽ ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. വിലയും കടത്തുകൂലിയും സംസ്കരണച്ചെലവും പരിഗണിക്കുമ്പോൾ അമേരിക്കൻ എണ്ണയെക്കാൾ ഇന്ത്യക്ക് ലാഭം ഇറാൻ എണ്ണയാണ്. കടത്തുകൂലിയിൽ സൗജന്യം,  60 ദിവസംവരെ കടം എന്നീ ആനുകൂല്യങ്ങളും ഇന്ത്യക്ക് ഇറാൻ നൽകുന്നു. ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കുറഞ്ഞവിലയ്ക്ക് എണ്ണ നല്‍കാനുള്ള സന്നദ്ധതയും ഇറാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതൊന്നും മാനിക്കാതെ ഇന്ത്യ ഇക്കൊല്ലം അമേരിക്കയിൽനിന്നുള്ള ഇറക്കുമതി ഇരട്ടിയാക്കി. 2017ൽ 80 ലക്ഷം വീപ്പയാണ് ഇറക്കുമതി ചെയ്തതെങ്കിൽ ഇക്കൊല്ലം ആദ്യആറുമാസംതന്നെ ഒന്നരകോടി വീപ്പ വാങ്ങി.

ഡോളറിനെതിരെ രൂപയുടെ വിലയിടിയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. ഇറാൻഎണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചതിന്റെ ആഘാതമാണ് വിപണിയിൽ പ്രതിഫലിക്കുന്നതെന്ന് രാജ്യാന്തര ഏജൻസിയായ ഏദൽവീസ് സെക്യൂരിറ്റീസ‌് ചൂണ്ടിക്കാട്ടി. നവംബര്‍ നാലിനുശേഷം ഇറാനുമായി സാമ്പത്തിക ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അമേരിക്കന്‍ വിദേശ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു.


പ്രധാന വാർത്തകൾ
Top