20 November Tuesday

കോര്‍പറേറ്റുകളുടെ കടക്കെണിയിലായ പദ്ധതികള്‍ ഏറ്റെടുക്കാൻ ഗുജറാത്ത‌് സർക്കാർ; 9,000 കോടിയുടെ വായ്‌‌പയും എഴുതിത്തള്ളും

സ്വന്തം ലേഖകന്‍Updated: Sunday Sep 16, 2018

ന്യൂഡൽഹി > വൻകിട കോർപറേറ്റുകളുടെ കടക്കെണിയിലായ ഊർജപദ്ധതികൾ ഏറ്റെടുക്കാൻ ഗുജറാത്ത‌് സർക്കാർ നീക്കം. അദാനി, എസ്സാർ, ടാറ്റ ഗ്രൂപ്പുകളുടെ കൽക്കരി താപനിലയ പദ്ധതികൾ ഏറ്റെടുക്കാമെന്ന‌് സർക്കാർ നിയോഗിച്ച മൂന്നംഗ ഉന്നതാധികാരസമിതി ശുപാർശ ചെയ്തു. പദ്ധതികളുടെ പേരിൽ കോർപറേറ്റുകൾ വിവിധ ബാങ്കുകളിൽനിന്ന‌് കൈപ്പറ്റിയ 9,000 കോടിരൂപയുടെ വായ്‌‌‌പകൾ എഴുതിത്തള്ളാനുള്ള നീക്കവും സജീവമായി. ഇന്തോനേഷ്യയിൽനിന്ന‌് ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില വർധിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ പദ്ധതികൾ പൊതുധനം മുടക്കി ഏറ്റെടുക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി.

എസ്സാർ ഗ്രൂപ്പിന്റെ ഊർജപദ്ധതി നിഷ്ക്രിയാസ്തിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് രണ്ട് പദ്ധതിയും സമാനമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഈ വസ്തുതകൾ കണക്കിലെടുക്കാതെയാണ് കോർപറേറ്റുകളെ പ്രീണിപ്പിക്കാനുള്ള  നീക്കം. ഇതിന്റെ ആദ്യപടിയായാണ് സുപ്രീംകോടതിയിൽനിന്ന‌് വിരമിച്ച ജസ്റ്റിസ് ആർ കെ അഗർവാൾ അധ്യക്ഷനായ മൂന്നംഗ ഉന്നതാധികാര സമിതി രൂപീകരിച്ചത്.  നഷ്ടം സർക്കാരും പൊതുജനങ്ങളും ബാങ്കുകളും വഹിക്കണമെന്നാണ് സമിതി ശുപാർശ ചെയ്യുന്നത്.

ഗുജറാത്തിലെ 45 ശതമാനത്തോളം വൈദ്യുതി വിതരണം ചെയ്തിരുന്ന മൂന്ന് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ സംസ്ഥാനത്ത് വൈദ്യുതിവിതരണം പ്രതിസന്ധിയിലായിരുന്നു. ഇന്തോനേഷ്യയിൽനിന്ന‌് ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിച്ചാണ് മൂന്ന് പ്ലാന്റും പ്രവർത്തിച്ചിരുന്നത്. എന്നാൽ, 2010 സെപ്തംബറിൽ ഇന്തോനേഷ്യ കൽക്കരിയുടെ വിലവർധിപ്പിച്ചു. ഇതേത്തുടർന്ന്  വൈദ്യുതിനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേറ്റുകൾ അധികൃതരെ സമീപിച്ചു. നിരക്ക് വർധിപ്പിക്കാമെന്ന് കേന്ദ്ര വൈദ്യുതി നിയന്ത്രണകമീഷൻ ഉത്തരവിട്ടെങ്കിലും സുപ്രീംകോടതി ഉത്തരവ് റദ്ദാക്കി. കൽക്കരി നിരക്കുകൾ വർധിക്കാനിടയുണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് കോർപറേറ്റുകൾ വിതരണകരാറിൽ ഏർപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top