20 September Thursday

യുഎസിൽ നിന്നുള്ള 30 ഉൽപ്പന്നത്തിന്റെ ഇറക്കുമതിത്തീരുവ കൂട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 16, 2018

ന്യൂഡൽഹി > ഇന്ത്യയിൽനിന്നുള്ള ഉരുക്ക്‐അലുമിനിയം ഉൽപ്പന്നങ്ങളുടെ നികുതിനിരക്ക് അമേരിക്ക വർധിപ്പിച്ചതിനു പകരമായി അവിടെനിന്നുള്ള 30 ഉൽപ്പന്നത്തിന്റെ ഇറക്കുമതി തീരുവ ഇന്ത്യ വർധിപ്പിച്ചു. 800 സിസിക്കുമേൽ എൻജിൻശേഷിയുള്ള ബൈക്കുകൾ, ആപ്പിൾ, ബദാം, വാൾനട്ട് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയാണ് വർധിപ്പിച്ചത്. പുതിയ നിരക്ക‌് 21ന‌് നിലവിൽവരും. നികുതിനിരക്കുകൾ വർധിപ്പിക്കുകവഴി 1630 കോടി രൂപയുടെ അധികവരുമാനം ഇന്ത്യക്ക് ലഭിക്കും.

നികുതിനിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ ഔദ്യോഗികമായി ലോകവ്യാപാരസംഘടനയെ അറിയിച്ചു. 800 സിസിക്കുമേൽ ശേഷിയുള്ള ബൈക്കുകളുടെ ഇറക്കുമതി തീരുവ 50 ശതമാനമായാണ് വർധിപ്പിച്ചത്. ബദാം‐20, വാൾനട്ട്‐20, ആപ്പിൾ‐ 25 ശതമാനം എന്നിങ്ങനെയാണ് മറ്റ് വർധന. നേരത്തെ ഇന്ത്യയിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉരുക്ക് ഉൽപ്പന്നങ്ങളുടെ നികുതിനിരക്ക് 25 ശതമാനമായും അലുമിനിയം ഉൽപ്പന്നങ്ങളുടേത് 10 ശതമാനമായും വർധിപ്പിച്ചിരുന്നു.

പ്രധാന വാർത്തകൾ
Top