13 December Thursday
വിധി പ്രസ്‌താവിച്ച് ഏഴ് മണിക്കൂറുകൾക്കുള്ളിൽ ഒരു ജഡ്ജി രാജിവെക്കുന്നത് രാജ്യ ചരിത്രത്തിൽ ആദ്യം

മക്ക മസ്ജിദ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട എൻഐഎ ജഡ്ജി രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

ഹൈദരാബാദ്  > മക്ക മസ്ജിദ് സ്ഫോടനക്കേസ് പ്രതികളായ സ്വാമി അസീമാന്ദയടക്കമുള്ളവരെ വെറുതെ വിട്ട എൻ ഐ എ കോടതി ജഡ്ജി സർവീസിൽ നിന്നും രാജിവെച്ചു. എൻഐഎ പ്രത്യേക കോടതി ജഡ്ജി രവീന്ദർ റെഡ്‌ഡിയാണ് രാജിവെച്ചത്. എന്നാൽ രാജിയുടെ കാരണം വ്യക്തമല്ല.

രാജിക്കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് റെഡ്‌ഡി നൽകി. ഇനി ഗവർണറാണ്  രാജിയിൽ അവസാന തീരുമാനമെടുക്കേണ്ടത്. വിധി പ്രസ്‌താവിച്ചു ഏഴ് മണിക്കൂറുകൾക്കുള്ളിൽ ഒരു ജഡ്ജി രാജിവെക്കുന്നത് രാജ്യ ചരിത്രത്തിൽ ആദ്യമാണ് .

എൻഐഎ പ്രത്യേക കോടതി ജഡ്ജി രവീന്ദർ റെഡ്‌ഡി

എൻഐഎ പ്രത്യേക കോടതി ജഡ്ജി രവീന്ദർ റെഡ്‌ഡി


 

നേരത്തെ സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളേയും തെളിവുകളുടെ അഭാവത്തിൽ കോടതിക്ക് വെറുതെ വിടേണ്ടി വന്നിരുന്നു.
 
10 പ്രതികളില്‍ 5 പേരാണ് വിചാരണ നേരിട്ടത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടികാട്ടി. സ്വാമി അസീമാനന്ദ എന്ന നബ കുമാര്‍ സര്‍ക്കാര്‍, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍ എന്ന ഭരത് ഭായി, രാജേന്ദ്ര ചൗധരി എന്നിവരെയാണ് വെറുതെ വിട്ടത്.

2007 മെയ് 18 ലാണ് ഹൈദരാബാദിലെ പ്രധാന മുസ്ലീം ആരാധനാലയമായ മക്ക മസ്ജിദില്‍ ഹിന്ദുത്വ തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയത്. വെള്ളിയാഴ്ച ജുമുഅക്ക് എത്തിയ ഒന്‍പത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു .

ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിന് ശേഷം കേസ് സിബിഐക്ക് കൈമാറിയിരുന്നു. പിന്നീടാണ് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തത്.

കേസില്‍ 226 സാക്ഷികളെ ഹാജരാക്കിയിരുന്നെങ്കിലും ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പടെ 64 പേര്‍ മൊഴിമാറ്റി. 411 തെളിവുകളാണ് ഹാജരാക്കിയത്. അസീമാനന്ദയും ഭരത് മോഹന്‍ലാല്‍ രതേശ്വറും ജാമ്യത്തിലിറങ്ങി. കുറ്റാരോപിതരില്‍ മറ്റു മൂന്നുപേര്‍ സെട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top