12 December Wednesday

സംഘപരിവാർ ഭീഷണി: ടി എം കൃഷ‌്ണയുടെ പരിപാടിയിൽനിന്ന‌് എയർപോർട‌് അതോറിറ്റി പിൻ‌മാറി

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018

ന്യൂഡൽഹി
സംഘപരിവാർ ഭീഷണിയെതുടർന്ന‌് പ്രശസ‌്ത കർണാടിക‌് സംഗീതജ്ഞൻ ടി എം കൃഷ‌്ണയുടെ ഡൽഹിയിലെ സംഗീത പരിപാടിയിൽനിന്ന‌് എയർപോർട‌് അതോറിറ്റി ഓഫ‌് ഇന്ത്യ (എഎഐ) പിൻ‌മാറി . കലാ സാംസ‌്കാരിക സംഘടനയായ സിപിക‌് മാക്കേയുമായി ചേർന്ന‌് 17ന‌് ചാണക്യപുരിയിലെ നെഹ‌്റുപാർക്കിൽ നടത്താനിരുന്ന ‘ഡാൻസ‌് ആൻഡ‌്  മ്യൂസിക‌് ഇൻ ദ പാർക്ക‌്’ എന്ന പരിപാടിയാണ‌് മാറ്റിവച്ചത‌്. കൃഷ‌്ണ രാജ്യവിരുദ്ധനും അർബൻ നക‌്സലുമാണെന്ന‌് ആരോപിച്ച‌് സംഘപരിവാർ സോഷ്യൽമീഡിയയിൽ വ്യാപക വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. മന്ത്രിമാരായ പീയുഷ‌് ഗോയൽ, സുരേഷ‌് പ്രഭു, തുടങ്ങിയവരെ ടാഗ‌് ചെയ‌്താണ‌് അധിക്ഷേപ ട്രോളുകൾ പ്രചരിപ്പിച്ചത‌്. ഇതോടെ എഎഐ പരിപാടി റദ്ദാക്കി. എന്നാൽ, ടി എം കൃഷ‌്ണയ‌്ക്ക‌് പിന്തുണ അറിയിച്ച ഡൽഹി സർക്കാർ അതേദിവസം പരിപാടി സംഘടിപ്പിക്കുമെന്ന‌് പ്രഖ്യാപിച്ചു. ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ലെന്നും ഡൽഹിയിൽ ഏത്‌ വേദിയിലും അന്ന‌് പരിപാടി അവതരിപ്പിക്കാൻ തയാറാണെന്നും കൃഷ‌്ണ പ്രതികരിച്ചിരുന്നു.
സംഗീതത്തിലെ ജാതീയതയെ ചോദ്യംചെയ‌്തും യേശുവിനെയും അള്ളാഹുവിനെയും കുറിച്ച‌് പാടിയും കർണാടിക‌് സംഗീതശാഖയിലെ വ്യത്യസ‌്ത സംഗീതജ്ഞനാണ‌് കൃഷ‌്ണ. ഹിന്ദുത്വവാദികളുടെ എതിർപ്പിനെ തുടർന്ന‌് ആഗസ‌്തിൽ അമേരിക്കയിലെ മെരിലാന്റിലെ ക്ഷേത്രത്തിലെ കൃഷ‌്ണയുടെ പരിപാടി റദ്ദാക്കിയിരുന്നു. അവിടെയും മറ്റൊരുവേദിയിൽ കൃഷ‌്ണ പാടി. 22നും 23നുമായി‌ മൈസൂരിൽ കൃഷ‌്ണയുടെ പരിപാടിക്കും ഭീഷണിയുണ്ട‌്.


പ്രധാന വാർത്തകൾ
Top