20 April Friday

കത്വവ സംഭവം: കൊലപാതകികൾക്കായി റാലി നടത്തിയത്‌ പാർടി നിർദേശപ്രകാരമെന്ന വെളിപ്പെടുത്തലുമായി മന്ത്രിസ്ഥാനം നഷ്‌ടപ്പെട്ട ബിജെപി നേതാവ്‌ ചന്ദർ പ്രകാശ്‌ ഗംഗ

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

ശ്രീനഗർ > കത്വവ സംഭവത്തില്‍ പെണ്‍കുട്ടിയുടെ കൊലപാതികൾക്കായി ദേശീയ പതാകയുമായി റാലി നടത്തിയ ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പിലാക്കുകയായിരുന്നെന്ന വെളിപ്പെടുത്തലുമായി പുറത്താക്കപ്പെട്ട മന്ത്രി.

കശ്മീരിലെ കത്വവയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍ എട്ടു ദിവസം തടവിൽ പാർപ്പിച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം പ്രതിഷേധിക്കവേ പ്രതികളെ ന്യായീകരിച്ച് റാലി നടത്തിയ മന്ത്രിമാരെ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി പുറത്താക്കിയിരുന്നു. എന്നാല്‍, തങ്ങള്‍ ഹിന്ദു ഏക്‌താ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്തത്, പാര്‍ടി നേതൃത്വത്തിന്റെ അറിവോടെയും നിര്‍ദ്ദേശപ്രകാരവുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മന്ത്രിസ്ഥാനം രാജിവെച്ച ചന്ദര്‍ പ്രകാശ് ഗംഗ രംഗത്തെത്തി. പാർടിയുടെ മുഖംരക്ഷിക്കാനാണ്‌ താൻ ഈ ‘ത്യാഗം’ ചെയ്‌തതെന്നും ചന്ദർ പ്രകാശ്‌ ഗംഗ പറഞ്ഞു.

എന്തിനാണ് തങ്ങളെ മാത്രം പഴിക്കുന്നതെന്നും, പാര്‍ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ നടപ്പിലാക്കുകയായിരുന്നു, പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ സാത് ശര്‍മ്മയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഹിന്ദു ഏക്‌താ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്തതെന്നായിരുന്നു മുൻമന്ത്രിയുടെ വെളിപ്പെടുത്തൽ.

രാജിവച്ച മന്ത്രിയുടെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതോടെ ബിജെപി നേതൃത്വം വെട്ടിലായിരിക്കുകയാണ്‌. രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാകയേന്തി മന്ത്രിമാരായ ഗംഗയും, ലാല്‍ സിംഗും പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ റാലി ഏറെ പ്രതിഷേധത്തിന് ഇടയാക്കിയതോടെ മുഖം രക്ഷിക്കാനാണ്‌ ഇരുവരെയും പുറത്താക്കാൻ ബിജെപി തീരുമാനിച്ചത്‌. എന്നാൽ പുതിയ വെളിപ്പെടുത്തലോടെ ഇത്‌ ബിജെപിയുടെ ഇരട്ടത്താപ്പാണെന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top