16 August Thursday

ബാങ്കുകൾ 30,500 കോടി നഷ്‌ടത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018

ന്യൂഡൽഹി > രാജ്യത്തെ ബാങ്കിങ് വ്യവസായം നടപ്പുവർഷം 30,500 കോടി രൂപയുടെ നഷ്ടത്തിലാകുമെന്ന് റിപ്പോർട്ട്. പൊതുമേഖലാ ബാങ്കുകളുടെ മാത്രം നഷ്ടം 24,800 കോടിയായിരിക്കും. കഴിഞ്ഞവർഷം പൊതുമേഖലാ ബാങ്കുകൾ മൊത്തത്തിൽ 42,700 കോടി രൂപ ലാഭം നേടിയിരുന്നു. കേന്ദ്രസർക്കാരിന്റെ നയസമീപനങ്ങളാണ് ബാങ്കിങ് മേഖലയിൽ നാശം വിതയ്ക്കുന്നതെന്ന് വിദഗ് ധർ ചൂണ്ടിക്കാട്ടി. കിട്ടാക്കടം പെരുകുന്നതും ഇതേതുടർന്ന് ബാങ്കുകൾ ബോണ്ടുകളെ അമിതമായി ആശ്രയിക്കുന്നതുമാണ് ബാങ്കിങ് വ്യവസായം നഷ്ടത്തിലേക്കു നീങ്ങാൻ കാരണം.

സ്വകാര്യബാങ്കുകൾ 2016‐17ൽ 20,100 കോടി രൂപ ലാഭം കൈവരിച്ചതിനു തൊട്ടുപിന്നാലെയാണ് ഇക്കൊല്ലം 5700 കോടി രൂപയുടെ നഷ്ടത്തിലേക്ക് നീങ്ങുന്നതെന്ന് ഇന്ത്യ റേറ്റിങ്‌സ് ആൻഡ് റിസർച്ചിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നടപ്പുവർഷത്തെ മൂന്നാം പാദത്തിൽ ഒട്ടേറെ പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ കണക്കെടുപ്പിൽ നഷ്ടം രേഖപ്പെടുത്തി. എസ്ബിഐ 2416 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യ 2341 കോടി രൂപയും നഷ്ടം വരുത്തി. യുണൈറ്റഡ് ബാങ്ക് 637 കോടി, കോർപറേഷൻ ബാങ്ക് 1240, ഐഒബി 971, അലഹബാദ് ബാങ്ക് 1263 കോടി രൂപ വീതം നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞവർഷം ഈ ബാങ്കുകൾ ലാഭത്തിലായിരുന്നു.
കിട്ടാക്കടം പെരുകുന്നതു തടയാൻ ബാങ്കുകൾ നടപടി സ്വീകരിക്കണമെന്ന് റിസർവ്ബാങ്ക് നിർദേശിച്ചിട്ടുണ്ട്.

അഞ്ചുകോടിയിൽ കൂടുതലുള്ള എല്ലാ തിരിച്ചടവ് കുടിശ്ശികയുടെ വിവരവും എല്ലാ ആഴ്ചയിലും റിപ്പോർട്ട് ചെയ്യണമെന്ന് റിസർവ്ബാങ്ക് വാണിജ്യബാങ്കുകളോട് ആവശ്യപ്പെട്ടു. എന്നാൽ, ഇതുവരെ ബാങ്കുകളിലെ മൊത്തം കിട്ടാക്കടം ഏഴുലക്ഷം കോടിയിൽപരം രൂപയാണ്. കഴിഞ്ഞ മൂന്നുവർഷത്തിൽ എഴുതിത്തള്ളിയത് രണ്ടുലക്ഷം കോടി രൂപയുടെ കിട്ടാക്കടം.

ഇത് എന്നേക്കുമായി എഴുതിത്തള്ളിയിട്ടില്ലെന്നും സൗകര്യം കിട്ടുമ്പോൾ തിരിച്ചുപിടിക്കാൻ പാകത്തിൽ വേറെ കണക്കിലേക്ക് മാറ്റിയെന്നുമാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പാർലമെന്റിൽ വിശദീകരിച്ചത്. ഫലത്തിൽ ബാങ്കുകൾക്ക് ഇത്രയും പണം നഷ്ടപ്പെട്ട സ്ഥിതിയാണ്. ശതകോടീശ്വരന്മാരും കോർപറേറ്റുകളും വരുത്തുന്ന കിട്ടാക്കടം തിരിച്ചുപിടിക്കാൻ സർക്കാർ ബാങ്കുകളെ സഹായിക്കുന്നുമില്ല.
 

പ്രധാന വാർത്തകൾ
Top