20 August Monday

ഇനി സിനിമയില്ല; രാഷ്ട്രീയം മാത്രം: കമൽഹാസൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018


ന്യൂഡൽഹി > രാഷ്ട്രീയത്തിലിറങ്ങിയാൽ പിന്നീട് സിനിമയിൽ അഭിനയിക്കില്ലെന്ന് കമൽഹാസൻ. 'രണ്ട് സിനിമകൾ പുറത്തിറങ്ങാനുണ്ട്, അതിനുശേഷം എന്റേതായി ചിത്രങ്ങൾ ഒന്നും ഉണ്ടാകില്ല.' ബോസ്റ്റണിലെ ഹാർവാഡ് സർവകലാശാലയിൽ അഭിമുഖത്തിനിടെ കമൽഹാസൻ പറഞ്ഞു. അടുത്തമാസം പാർടി രൂപീകരിച്ച് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതിനിടെയാണ് കമൽഹാസൻ നിലപാട് വ്യക്തമാക്കിയത്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിരന്തരം പ്രതികരിക്കുന്ന കമൽഹാസന്റെ രാഷ്ട്രീയ നയപ്രഖ്യാപനത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തമിഴ് രാഷ്ട്രീയം. തന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പാണെന്ന് കമൽഹാസൻ പറഞ്ഞു. കറുപ്പ് ദ്രാവിഡിയൻ സംസ്‌കാരത്തെയും കറുത്തവരെയും പ്രതിനിധാനം ചെയ്യുന്നതാണ്. സംസ്‌കാരികമായി കറുപ്പ് തമിഴർക്ക് മോശം നിറമല്ല. എന്നാൽ, കാവിയിൽ തനിക്ക് ആശങ്കയുണ്ടെന്നും കമൽഹാസൻ പറഞ്ഞു. ബിജെപിയുമായി ഒരു നിലയ്ക്കുമുള്ള സഖ്യത്തിനും തയ്യാറല്ല. രാജ്യത്ത് വ്യാപിക്കുന്ന ഹിന്ദു തീവ്രവാദം വലിയ ഭീഷണിയാണ്. മാറ്റത്തിന് താൻ എതിരല്ല. എന്നാൽ, സംസ്‌കാരത്തെ ഏകശിലാത്മകമാക്കുന്നതിനോട് യോജിപ്പില്ല.

തെരഞ്ഞെടുപ്പിൽ തോറ്റാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് സത്യസന്ധമായ ജീവിതത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ, തോൽക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ ഇല്ലായിരുന്നെങ്കിലും 37 വർഷമായി സാമൂഹ്യസേവനത്തിലുണ്ട്. പത്തു ലക്ഷത്തിലധികം സാമൂഹ്യസേവകർ ഒപ്പമുണ്ട്. 250ലധികം അഭിഭാഷകർ അടക്കമുള്ളവർ വർഷങ്ങളായി വലിയ സേവനമാണ് ചെയ്യുന്നത്. 63 വയസ്സായി. ഇനി സമ്പാദിക്കാൻ ആഗ്രഹമില്ല. ജനസേവകനായി മരിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. രജനികാന്തിന്റെ രാഷ്ട്രീയം കാവിയാണെങ്കിൽ അദ്ദേഹവുമായി ഒരു രാഷ്ട്രീയ ബന്ധവുമുണ്ടാകില്ലെന്നും കമൽഹാസൻ പറഞ്ഞു. പാർടിയുടെ പേരും ചിഹ്നവും സംബന്ധിച്ച് ചർച്ചനടത്താൻ അടുത്ത ദിവസങ്ങളിൽ കമൽഹാസൻ തിരെഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നാണ് സുചന.

പ്രധാന വാർത്തകൾ
Top