18 October Thursday

പ്രണയദിനത്തിൽ ‘സദാചാരവടി'യുമായി സംഘപരിവാർ

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018


ന്യൂഡൽഹി > പ്രണയദിനത്തിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യാപക അക്രമം. ഗുജറാത്ത്, യുപി, മഹാരാഷ്ട്ര തുടങ്ങി ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ സംഘപരിവാർ സംഘടനകൾ അഴിഞ്ഞാടി. ഗുജറാത്തിലെ അഹമ്മദാബാദിൽ സബർമതി നദീതിരത്ത് വിശ്വഹിന്ദുപരിഷത്ത്, ബജ്‌രംഗ്ദൾ പ്രവർത്തകൾ ദമ്പതികളെ ആക്രമിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായി. യുപിയിൽ ഹിന്ദു പെൺകുട്ടിക്കൊപ്പം കണ്ട ഇതരമതസ്ഥനായ യുവാവിനെ ബജ്‌രംഗ്ദളുകാർ ക്രൂരമായി മർദിച്ചു.

ആർഎസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരിൽ, ഒരുമിച്ചുകാണുന്ന യുവതീയുവാക്കളെ വിവാഹം കഴിപ്പിക്കുമെന്ന ഭീഷണിയുമായി ബജ്‌രംഗ്ദളുകാർ തെരുവിലിറങ്ങി. പബ്ബുകളും ഹോട്ടലുകളും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കരുതെന്ന വിലക്കും തീവ്രഹിന്ദുത്വ സംഘടനകൾ പുറപ്പെടുവിച്ചു.
കാവി പൂശിയ കമ്പുകളുമായി എത്തിയ ബജ്‌രംഗ്ദളുകാരാണ് ഗുജറാത്തിലെ സബർമതി നദീതിരത്ത് അക്രമം നടത്തിയത്. ഇവിടെ എത്തിയ യുവതീയുവാക്കളെ ഭീഷണിപ്പെടുത്തുകയും രക്ഷപ്പെട്ട് ഓടിയവരെ പിന്തുടർന്ന് ആക്രമിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പത്ത് ബജ്‌രംഗ്ദളുകാരെ പൊലീസ് അറസ്റ്റുചെയ്തു.
യുപിയിലെ ഷാംലി ജില്ലയിൽ ഹോട്ടലിൽ ഹിന്ദുയുവതിക്കൊപ്പം ഇരുന്ന ഇതരമതസ്ഥനായ യുവാവിനെ ബജ്‌രംഗ്ദളുകാർ മർദിച്ച് അവശനാക്കി. 'ലൗ ജിഹാദ്' ആരോപിച്ച് യുവാവിന്റെ മാതാപിതാക്കളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി.

യുവതീയുവാക്കൾ ഒരുമിച്ചിരിക്കുന്നതു കണ്ടാൽ അറിയിക്കാൻ ഹോട്ടൽ ജീവനക്കാരടക്കം നിരവധിപേരെ വിഎച്ച്പി തയ്യാറാക്കിയിരുന്നു. നിരീക്ഷണം നടത്താൻ സംസ്ഥാനത്ത് പ്രവർത്തകരെ നിർത്തിയിട്ടുണ്ടെന്ന് വിഎച്ച്പിയുടെ മുസഫർ നഗർ ജില്ലാ കൺവീനർ വിവേക് പ്രേമി പറഞ്ഞു.
പ്രണയദിനത്തിൽ മുസഫർ നഗറിൽ ഒരുമിച്ചുകാണുന്ന യുവാക്കളെ പാഠം പഠിപ്പിക്കുമെന്നു പ്രഖ്യാപിച്ച് ലാത്തിപൂജ നടത്തിയ ശിവസേനയും ബുധനാഴ്ച തെരുവിലിറങ്ങി.

പൊതുസ്ഥലത്ത് ദിനാഘോഷങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് മുതിർന്ന നേതാക്കളടക്കം രംഗത്തെത്തിയത്. ആഘോഷം അനുവദിക്കില്ലെന്ന ഭീഷണിയുമായി ഹിന്ദുമഹാസഭയും തെരുവിലിറങ്ങി.

വാലന്റൈൻസ് ദിനാഘോഷം 'ലൗ ജിഹാദ്' പ്രോത്സാഹിപ്പിക്കാനാണെന്നും ഇവർ ആരോപിച്ചു. ആഘോഷങ്ങൾ നിരീക്ഷിക്കാൻ പടിഞ്ഞാറൻ യുപിയിലും ഡൽഹിയിലുമായി 200 പ്രവർത്തകരെ ഹിന്ദുമഹാസഭ വിന്യസിച്ചു. ബുധനാഴ്ച അവധി നൽകിയ ലഖ്‌നൗ സർവകലാശാല വിദ്യാർഥികൾ ക്യാമ്പസിൽ എത്തരുതെന്ന് സർക്കുലർ ഇറക്കി.

അക്രമ ഭീഷണിയെതുടർന്ന് ഹൈദരാബാദിൽ ജൂബിലി ഹിൽസ് മേഖലയിൽ ബുധനാഴ്ച അർധരാത്രിവരെ പബ്ബുകളും ബാറുകളും അടച്ചിട്ടു.
ആഘോഷങ്ങൾ നടത്തരുതെന്ന് വിവിധ സംഘടനകൾ നേരിട്ടെത്തി ഭീഷണി മുഴക്കിയതോടെയാണ് പബ്ബുകൾ അടച്ചിട്ടത്.

പ്രധാന വാർത്തകൾ
Top