17 December Monday

ശബരിമല: സുപ്രീംകോടതി മുൻ ഉത്തരവ‌് നിലനിൽക്കും

● അഡ്വ. കാളീശ്വരം രാജ‌്Updated: Wednesday Nov 14, 2018


ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീകൾക്ക‌് പ്രവേശനം അനുവദിച്ച സെപ‌്തംബർ 28ലെ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഉത്തരവ‌് നിലനിൽക്കുന്നുവെന്നാണ‌് ചൊവ്വാഴ‌്ചത്തെ പുതിയ ഉത്തരവിലൂടെ സുപ്രീംകോടതി അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത‌്. പുനഃപരിശോധനാ, റിട്ട‌് ഹർജികൾ പരിഗണിക്കുമെന്ന‌് അറിയിച്ചിരിക്കുന്ന ജനുവരി 22 വരെയെങ്കിലും ഈ ഉത്തരവ‌് ഒരു മാറ്റവും കൂടാതെ നിലനിൽക്കുമെന്ന‌് കോടതി വ്യക്തമാക്കിയിരിക്കുകയാണ‌്. സെപ‌്തംബർ 28ലെ ഉത്തരവിന‌് ഒരു മാറ്റവും വരുത്താൻ കോടതി തയ്യാറായിട്ടില്ല. 

ഈ സാഹചര്യത്തിൽ, ആ ഉത്തരവ‌് അനുസരിക്കാൻ ഹൈക്കോടതിയും സംസ്ഥാനസർക്കാരും പൊലീസും ബാധ്യസ്ഥരാണ‌്. ഭരണഘടനാബെഞ്ചിന്റെ ഉത്തരവ‌് അനുസരിച്ച‌് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന‌് ആവശ്യപ്പെട്ട‌് ഒരു യുവതിയെങ്കിലും ഹൈക്കോടതിയെ സമീപിച്ചാൽ സുരക്ഷ ഒരുക്കണമെന്ന‌് ബന്ധപ്പെട്ട അധികൃതരോട‌് ഉത്തരവിടാൻ മാത്രമേ ഹൈക്കോടതിക്ക‌് സാധിക്കൂ. ഭരണഘടനയുടെ 141–-ാം അനുച്ഛേദപ്രകാരം സുപ്രീംകോടതി ഉത്തരവ‌്, രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണ‌്. വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന വിഷയത്തിൽ ജനുവരി 22ന‌് സുപ്രീംകോടതി തീരുമാനം എടുക്കുമെന്നാണ‌് ചൊവ്വാഴ‌്ചത്തെ ഉത്തരവിൽ പറയുന്നത‌്. പക്ഷേ, അതിന്റെ പേരിൽ മുൻ ഉത്തരവ‌് നിലനിൽക്കില്ലെന്ന വാദമോ വ്യാഖാനമോ ആരുംനടത്താൻ പാടില്ല.

സുപ്രീംകോടതി ഭരണഘടനാബെഞ്ച‌് ഒരു ഉത്തരവ‌് പുറപ്പെടുവിച്ചാൽ അത‌് നടപ്പാക്കാനുള്ളതാണെന്ന‌ വസ‌്തുത സ‌്പഷ്ടമാണ‌്. ആ ഉത്തരവ‌് സ‌്റ്റേ ചെയ്യുന്നില്ലെന്ന കാര്യം ചൊവ്വാഴ‌്ചത്തെ ഉത്തരവിൽ കോടതി വ്യക്തമായി എടുത്തുപറഞ്ഞിട്ടുണ്ട‌്. ഭരണഘടനാബെഞ്ചിന്റെ ഉത്തരവ‌് സ‌്റ്റേ ചെയ‌്തെന്ന ആശയക്കുഴപ്പം സൃഷ്ടിക്കുന്നത‌് തെറ്റായ പ്രവണതയാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top