Top
24
Sunday, September 2017
About UsE-Paper

സംഘപരിവാര്‍ കടന്നാക്രമണം ചെറുക്കാന്‍ ആഹ്വാനവുമായി അഖിലേന്ത്യാ സമ്മേളനം 18ന്

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്ന് സമസ്ത മേഖലയിലും സംഘപരിവാര്‍ നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കാന്‍ ആഹ്വാനവുമായി വര്‍ഗ- ബഹുജന- സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തില്‍ 18ന് അഖിലേന്ത്യാ സമ്മേളനം നടത്തും. മാവ്ലങ്കാര്‍ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ 'ജന്‍ ഏക്താ ജന്‍ അധികാര്‍ ആന്ദോളന്‍' സംഘടനയുടെ പ്രഖ്യാപനവും ഉണ്ടാകും. തുടര്‍ന്ന് സംസ്ഥാന- ജില്ല- പ്രാദേശിക തലങ്ങളില്‍ സംഘടന സമ്മേളനങ്ങള്‍ നടത്തും. തൊഴിലാളികള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളും പ്രക്ഷോഭങ്ങളില്‍ സഹകരിക്കുമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.

മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം ന്യൂനപക്ഷങ്ങള്‍ക്കും ദളിത്- ആദിവാസി വിഭാഗങ്ങള്‍ക്കുമെതിരെ കടുത്ത ആക്രമണങ്ങളാണ്. സംഘപരിവാറിനെ വിമര്‍ശിക്കുന്നവര്‍ ആക്രമണത്തിനും കൊലയ്ക്കും ഇരയാകുന്നത് ഗൌരി ലങ്കേഷിന്റെ കൊലപാതകത്തില്‍വരെ എത്തിനില്‍ക്കുകയാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ 'ജനകീയ ഐക്യം, പൌരസ്വാതന്ത്യ്രം, ജനകീയ പ്രതിരോധം' എന്ന മുദ്രാവാക്യം ഉയര്‍ത്തി 'ജന്‍ ഏക്താ ജന്‍ അധികാര്‍ ആന്ദോളന്‍' പോരാടും. നിലവിലെ സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഭാവിപ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കും.

വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പൊതുപ്രവര്‍ത്തകര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, വനിതകള്‍, ജീവനക്കാര്‍, ആദിവാസി- ദളിത്- ന്യൂനപക്ഷ വിഭാഗങ്ങള്‍, മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍, എഴുത്തുകാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, മതനിരപേക്ഷ- പുരോഗമന ചിന്താഗതിക്കാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഇവരുള്‍പ്പെടുന്ന വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് അഖിലേന്ത്യാ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി അംഗങ്ങളായ ഹന്നന്‍ മൊള്ള, അമര്‍ജിത് കൌര്‍, കെ ഹേമലത, ആനി രാജ, മറിയം ധാവ്ളെ, കവിത കൃഷ്ണന്‍, ഡോ. സുനിലം, കെ മധുരേഷ്, പി കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.