Top
23
Thursday, November 2017
About UsE-Paper

പന്നീര്‍ശെല്‍വത്തെ ഒതുക്കി പളനിസ്വാമി

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

ചെന്നൈ > തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഉലയുമ്പോഴും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചുനിര്‍ത്തി. ചൊവ്വാഴ്ച നടന്ന പാര്‍ടി ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തിന് കിട്ടുമായിരുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം തട്ടിത്തെറിപ്പിച്ചത് പളനിസ്വാമിയാണെന്നാണ് റിപ്പോര്‍ട്ട്. ശശികലയെയും ടി ടി വി ദിനകരനെയും യഥാക്രമം ജനറല്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി ആ സ്ഥാനം എക്കാലത്തേക്കും ഒഴിച്ചിടുന്നതില്‍ അദ്ദേഹം വിജയിച്ചു. 

പന്നീര്‍ശെല്‍വത്തിന്ന് ചീഫ് കോ-ഓര്‍ഡിനേറ്റര്‍സ്ഥാനം നല്‍കിയപ്പോള്‍  അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനം പളനിസ്വാമി ഏറ്റെടുത്തു. ജയലളിതയുടെ ഓര്‍മയ്ക്കാണ് ജനറല്‍ സെക്രട്ടറി സ്ഥാനം എന്നന്നേയ്ക്കുമായി ഒഴിച്ചിട്ടതെന്നാണ് ഭാഷ്യമെങ്കിലും തനിക്കു മുകളില്‍ പന്നീര്‍ശെല്‍വം വരാതിരിക്കാനുള്ള തന്ത്രമായിരുന്നു അദ്ദേഹം പയറ്റിയതെന്ന് വ്യക്തം.

പാര്‍ടിയിലോ മുഖ്യമന്ത്രിസ്ഥാനത്തോ തന്നെ നിയന്ത്രിക്കാന്‍ ആരുമുണ്ടാകരുതെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ജയലളിത ജയിലിലായിരുന്നപ്പോഴും അസുഖം ബാധിച്ച് കഴിഞ്ഞപ്പോഴും മരണശേഷവും ജയലളിതയുടെ വിശ്വസ്തന്‍ എന്ന പേരില്‍ മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നത് പന്നീര്‍ശെല്‍വമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം വീണ്ടും ആ സ്ഥാനത്ത് എത്താനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

പന്നീര്‍ശെല്‍വത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് താഴെയിറക്കിയത് ജയലളിതയുടെ തോഴിയായിരുന്ന വി കെ ശശികലയായിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ മാത്രമാണ് ശശികല പളനിസ്വാമിയെ മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിച്ചത്. അവിടെനിന്നുകൊണ്ടുതന്നെ ഗ്രൂപ്പുണ്ടാക്കി അദ്ദേഹം പന്നീര്‍ശെല്‍വത്തെ ഒപ്പംകൂട്ടി.

ശശികലയെയും ദിനകരനെയും പാര്‍ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ദിനകരനോടൊപ്പമുള്ള 21 എംഎല്‍എമാരെക്കൂടി സ്വന്തം പാളയത്തില്‍ എത്തിക്കുകയാണ് പളനിസ്വാമിയുടെ അടുത്ത ലക്ഷ്യം. അത് പൂര്‍ത്തിയാക്കുന്നതുവരെ വിശ്വാസവോട്ടെടുപ്പ് നീട്ടുന്നതിനുള്ള ശ്രമത്തിലാണ് പളനിസ്വാമി.

Related News

കൂടുതൽ വാർത്തകൾ »