17 July Tuesday

ഇറാൻ എണ്ണ വെട്ടിക്കുറയ്‌‌ക്കൽ: പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശം

എം പ്രശാന്ത്Updated: Saturday Jul 14, 2018

ന്യൂഡൽഹി > അമേരിക്കൻ സമ്മർദത്തെ തുടർന്ന് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച മോഡി സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ പാർടികൾ. ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നീങ്ങുകയാണ് കേന്ദ്രമെന്ന് സിപിഐ എമ്മും കോൺഗ്രസും അഭിപ്രായപ്പെട്ടു. നിലപാട് തിരുത്താൻ കേന്ദ്രം തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങിയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ദേശാഭിമാനിയോട് പറഞ്ഞു. ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യക്ക് മേലെയും ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. യുഎന്നിലെ അമേരിക്കൻ അംബാസഡറായ നിക്കി ഹാലി കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിൽക്കണ്ട് ഇറാനിൽനിന്ന് എണ്ണ വാങ്ങരുതെന്ന് നിർദേശിച്ചു. അമേരിക്കയുടെ നിർദേശപ്രകാരം സർക്കാർ നീങ്ങുന്നത് രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. എണ്ണ ഇറക്കുമതി കുറയ്ക്കുന്നത് സ്വാഭാവികമായും ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഉലയ്ക്കും. ദൗർഭാഗ്യവശാൽ ആ ദിശയിലാണ് സർക്കാർ ഇപ്പോൾ നീങ്ങുന്നത്‐ കാരാട്ട് പറഞ്ഞു.

കടലാസുപുലി മാത്രമാണ് മോഡിയെന്ന് ഇറാൻ എണ്ണ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിലൂടെ തെളിഞ്ഞതായി കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിൽ പറഞ്ഞു.  ദേശീയതാൽപ്പര്യത്തേക്കാൾ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് പ്രധാനമന്ത്രി ഒരിക്കൽക്കൂടി മുൻഗണന നൽകുകയാണ്. ഇറാൻ എണ്ണ വെട്ടിക്കുറയ്ക്കുന്നത് എണ്ണലഭ്യതയിൽ കുറവ് വരുത്തും. ഇന്ധനവില ഉയരും. കറന്റ് അക്കൗണ്ട് കമ്മി വർധിക്കും. ലാഭം തങ്ങൾക്കും നഷ്ടം ജനങ്ങൾക്കുമെന്നതാണ് എണ്ണയുടെ കാര്യത്തിൽ സർക്കാർ നയം‐ കോൺഗ്രസ് വക്താവ് പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top