16 August Thursday

എയർസെൽ‐മാക്‌‌സിസ് ഇടപാട‌് കാർത്തിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

സ്വന്തം ലേഖകൻUpdated: Thursday Jun 14, 2018

ന്യൂഡൽഹി > എയർസെൽ‐മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജൂലൈ നാലിന് കുറ്റപത്രം പരിഗണിക്കുമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി റൂബി അൽക്ക ഗുപ്ത അറിയിച്ചു. കാർത്തിക്ക് പുറമെ മറ്റ് നാലുപേരെക്കൂടി പ്രതികളാക്കിയാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ നാലാം വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ പലയിടത്തും കേന്ദ്രമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ പേര് പരാമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പ്രതി ചേർത്തിട്ടില്ല.

അനുബന്ധ കുറ്റപത്രംകൂടി സമർപ്പിച്ചേക്കുമെന്ന് എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. 2ജി സ്പെക്ട്രം കേസുകളുടെ കൂട്ടത്തിലുള്ള എയർസെൽ‐മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് സിബിഐയും എൻഫോഴ്സ്മെന്റും രണ്ട് കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇരു കേസുകളുമായി ബന്ധപ്പെട്ട് ജൂലൈ 10 വരെ കാർത്തിയെ അറസ്റ്റുചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പും കാർത്തിക്കെതിരെ അറസ്റ്റ‌് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച മദ്രാസ് ഹൈക്കോടതി ഈമാസം 28 വരെ അദ്ദേഹത്തെ അറസ്റ്റ‌് ചെയ്യരുതെന്ന് നിർദേശിച്ചു.

കാർത്തികും കുടുംബവും ഞായറാഴ്ച  യൂറോപ്പിലേക്ക് തിരിച്ചു. 26ന് കാർത്തിക‌് സ്പെയിനിൽനിന്ന‌് മടങ്ങിയെത്തിയ ശേഷം നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു. എയർസെൽ‐മാക്സിസ് ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹനബോർഡ് (എഫ്ഐപിബി) അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ചിദംബരത്തിനും മകനുമെതിരെ ആരോപണം ഉയർന്നത്. 2006ൽ ചിദംബരം ധനമന്ത്രിയായിരിക്കെ എയർസെൽ‐മാക്സിസ് ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് അംഗീകാരം നൽകിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടായെന്നാണ് കേസ്.
ധനമന്ത്രിയെന്നനിലയിൽ 600 കോടിയുടെ ഇടപാടുകൾക്ക് മാത്രമേ സ്വന്തംനിലയ്ക്ക് അംഗീകാരം നൽകാൻ പാടുള്ളൂവെന്നിരിക്കെ 3500 കോടിയുടെ ഇടപാടിന് അംഗീകാരം നൽകിയെന്നാണ് ചിദംബരത്തിനെതിരായ ആരോപണം.

പ്രധാന വാർത്തകൾ
Top