Top
22
Monday, January 2018
About UsE-Paper
രണ്ട് മലയാളികളെ കാണാതായി

ഒഎന്‍ജിസി കോപ്റ്റര്‍ തകര്‍ന്ന് മലയാളിയടക്കം 5 മരണം

Sunday Jan 14, 2018
വെബ് ഡെസ്‌ക്‌

മുംബൈ > ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് മലയാളിയടക്കം അഞ്ചുപേര്‍ മരിച്ചു. രണ്ട് മലയാളികളെ കാണാതായി. ഒഎന്‍ജിസി പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായ ചാലക്കുടി സ്വദേശി ബിന്ദുലാല്‍ ബാബു (49)ആണ് മരിച്ചത്.

ഒഎന്‍ജിസി  ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കോതമംഗലം സ്വദേശി ജോസ് ആന്റണി(54), തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശി പി എന്‍ ശ്രീനിവാസന്‍(59) എന്നിവരെയാണ് കാണാതായത്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ശരവണന്‍, പങ്കജ് ഗാര്‍ഗ് എന്നിവരുടെയും രണ്ട് പൈലറ്റുമാരുടേയും മൃതദേഹം കണ്ടെടുത്തു. അഞ്ച് ഒഎന്‍ജിസി ജീവനക്കാരും രണ്ട് പൈലറ്റുമാരുമാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്.

ശനിയാഴ്ച ഗുജറാത്ത് അതിര്‍ത്തിക്കടുത്ത് ദഹാനുവിനു അകലെ കടലിലാണ് ഏഴുവര്‍ഷം പഴക്കമുള്ള വിടിഡബ്ള്യുഎ ഡൌഫിന്‍ എഎസ്365എന്‍3 ഹെലികോപ്റ്റര്‍ തകര്‍ന്നത്. ആഴക്കടലില്‍നിന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ജൂഹുവില്‍നിന്ന് രാവിലെ 10.20നാണ് കോപ്റ്റര്‍ പുറപ്പെട്ടത്. 10.35ന് തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ അതോറിറ്റി അറിയിച്ചു.
ചാലക്കുടി ചേനത്തുനാട്ടില്‍ വലിയപറമ്പില്‍ പരേതരായ കുട്ടപ്പന്‍ മാഷിന്റെയും നാരായണിയുടെയും മകനാണ് ബിന്ദുലാല്‍ ബാബു. 22 വര്‍ഷമായി മുംബൈയിലാണ്. രണ്ട് വര്‍ഷംമുമ്പാണ്   നാട്ടില്‍ വന്നുപോയത്. ഭാര്യ: ഡോ. ഷൈനി (മുംബൈ). മക്കള്‍: വിബീഷ് (പ്ളസ്ടു വിദ്യാര്‍ഥി), സുശാന്ത് (മൂന്നാംക്ളാസ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: ശ്യാം ബാബു (റിട്ട. മാനേജര്‍ കോര്‍പറേഷന്‍ ബാങ്ക്), അജിത്ബാബു (മൂത്തേടന്‍ ഗ്യാരേജ്, ചാലക്കുടി), പരേതനായ മഹേഷ്ബാബു. 

പൂങ്കുന്നം സീതാറാം മില്‍ ലെയ്ന്‍ എംജി നഗറില്‍ പൂക്കാട്ടുപറമ്പില്‍ നാരായണനെഴുത്തച്ഛന്റെ മകനാണ് പി എന്‍ ശ്രീനിവാസന്‍. അമ്മ: പരേതയായ അംബുജാക്ഷി. ഭാര്യ: ജയശ്രീ. മക്കള്‍: അര്‍ജുന്‍ കിരണ്‍, ഐശ്വര്യ. അച്ഛനടക്കം എല്ലാവരും മുംബൈയിലാണ് താമസം. സഹോദരങ്ങള്‍: ശാന്ത, കൃഷ്ണന്‍കുട്ടി, രുഗ്മിണി, സുരേന്ദ്രന്‍, ലളിത, രാധാമണി, പ്രസന്ന. മകന്റെ വിവാഹനിശ്ചയം മാര്‍ച്ചില്‍ മുംബൈയില്‍ നടക്കാനിരിക്കുകയാണ്്. കഴിഞ്ഞ ഒക്ടോബര്‍ 18നാണ് ശ്രീനിവാസനും കുടുംബവും ഒടുവില്‍ നാട്ടിലെത്തിയത്.

കോതമംഗലം രാമല്ലൂര്‍ മിനിപ്പടിയില്‍ പെരുമ്പിള്ളിച്ചിറ പരേതരായ പി വി ആന്റണിയുടെയും (കൊച്ചാന്റണി) പെണ്ണമ്മയുടെയും മകനാണ് ജോസ് ആന്റണി. ഭാര്യ: റാണി. മക്കള്‍: രശ്മിത റോസി ജോസ്, റെനിത റോസി ജോസ്. സഹോദരങ്ങള്‍: ജിമ്മി, ആനി, പോള്‍, പയസ്, സിബി, എലിസബത്ത്.

Related News

കൂടുതൽ വാർത്തകൾ »