21 October Sunday

സുപ്രീംകോടതിയിലെ അസാധാരണ സംഭവങ്ങള്‍; മറുപടി പറയേണ്ടത് മോഡിയും അമിത് ഷായും

സാജന്‍ എവുജിന്‍Updated: Sunday Jan 14, 2018

ന്യൂഡല്‍ഹി > സുപ്രീംകോടതിയിലെ അസാധാരണ സംഭവങ്ങളില്‍ , പ്രത്യക്ഷത്തില്‍ ചീഫ് ജസ്റ്റിസിനെതിരെയാണ് മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ആരോപണം ഉന്നയിച്ചതെങ്കിലും ഇവ ചെന്നുതറയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലും ബിജെപി അധ്യക്ഷന്‍ അമിത് ഷായിലും. ഇതിന്റെ വെപ്രാളം കേന്ദ്ര സര്‍ക്കാരില്‍ പ്രകടമായി. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ടതും കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേകദൂതന്‍ ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചതും കേന്ദ്ര സര്‍ക്കാരിന്റെ അങ്കലാപ്പാണ് വ്യക്തമാക്കുന്നത്. മൂടിവയ്ക്കാന്‍ ശ്രമിച്ച രഹസ്യങ്ങള്‍ പുറത്തുവരുന്നത് വരുംനാളുകളില്‍ സര്‍ക്കാരിനെയും ബിജെപിയെയും പിടിച്ചുലയ്ക്കും.

സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബി എച്ച് ലോയയുടെ ദുരൂഹമരണം ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തിയ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് സുപ്രീംകോടതിയിലെ സംഭവവികാസം. അമിത് ഷായും രാജസ്ഥാന്‍ മുന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയയും പ്രതികളായിരുന്ന സൊഹ്റാബ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് ഉണ്ടായത് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ്.

അന്ന് അമിത് ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രി. ലോയ ദുരൂഹസാഹചര്യത്തില്‍ മരിക്കുമ്പോള്‍ മോഡി പ്രധാനമന്ത്രിയും അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനും. മുംബൈ സിബിഐ പ്രത്യേക കോടതിയില്‍ വിചാരണ നേരിടാന്‍ അമിത് ഷാ ഹാജരാകണമെന്ന് കര്‍ശന ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പുതിയ ജഡ്ജി ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ അമിത്ഷാ കേസില്‍ കുറ്റവിമുക്തനായി.
ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പുരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ്, 2014 നവംബര്‍ 30നും ഡിസംബര്‍ ഒന്നിനും മധ്യേയുള്ള രാത്രിയാണ് ലോയയുടെ മരണം. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും സമ്മര്‍ദവും ഭീഷണികളും കാരണം മൌനംപാലിച്ചു. മൂന്നു വര്‍ഷത്തിനുശേഷം ലോയയുടെ ബന്ധുക്കള്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യംകാട്ടി. കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തലുകള്‍ വന്നശേഷം ദിവസങ്ങളോളം ആരോപണവിധേയര്‍ നിശ്ശബ്ദത പാലിച്ചു. പിന്നീട് ചരടില്‍ കോര്‍ത്തപോലെ നിഷേധപ്രസ്താവനകള്‍ പുറത്തുവന്നു. ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം മറികടന്ന് മുംബൈ ഹൈക്കോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാര്‍ മരണത്തില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. അന്വേഷണം നടക്കുന്ന കേസില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത് നീതിനിര്‍വഹണ സംവിധാനങ്ങളോടുള്ള വെല്ലുവിളിയായി.

 ഇതേതുടര്‍ന്നാണ് ലോയയുടെ മരണത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി വന്നത്. ഈ ഹര്‍ജി കൈകാര്യം ചെയ്യേണ്ട ബെഞ്ചിനെ നിശ്ചയിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സുപ്രീംകോടതിയില്‍ പൊട്ടിത്തെറിക്ക് കാരണമായത്. ഇതോടെ ലോയയുടെ ദുരൂഹമരണവും സൊഹ്റാബ്ദീന്‍ കേസും വീണ്ടും സജീവമായ ചര്‍ച്ചയാവുകയണ്. ഇപ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തന്നെയാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top