19 January Saturday

വനിതാ മതിൽ : ഒറ്റക്കെട്ടായ് അണിചേരാം

വെബ് ഡെസ്‌ക്‌Updated: Thursday Dec 13, 2018


നാടിന്റെ നന്മ ആഗ്രഹിക്കുന്ന മുഴുവൻ സ്ത്രീകളും വനിതാ മതിലിൽ അണിചേരണമെന്ന് സിനിമാതാരവും കേരള സംഗീത നാടക അക്കാദമി ചെയർ പേഴ്സണുമായ കെപിഎസി ലളിത പറഞ്ഞു. ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ മുഴുവൻപേരും ഇതിനോട് സഹകരിക്കണം. എത്ര തിരക്കുണ്ടായാലും എല്ലാം മാറ്റിവച്ച് താനും വനിതാമതിലിൽ അഭിമാനത്തോടെ പങ്കാളിയാകും.

നമ്മൾ ഒന്നാണ്, ഒറ്റക്കെട്ടാണ് എന്ന സന്ദേശമാണ് സ്ത്രീകൾ  ഉയർത്തേണ്ടത്. വർഗീയവാദികളുടെയും നിക്ഷിപ്ത താൽപര്യക്കാരായരാഷ്ട്രീയപാർടികളുടെയും ഉള്ളിലിരിപ്പ്  തിരിച്ചറിയണം.

സ്ത്രീകളെ രണ്ടാംകിടക്കാരായി കാണാനും അവഗണിക്കാനും പൊതുഇടങ്ങളിൽ നിന്ന് ആട്ടിയോടിക്കാനും അവർക്ക് ആരും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല.
പുരോഗമന ആശയമുയർത്തുന്നവരെല്ലാം നിലപാട് ഉറക്കെ വിളിച്ചു പറയണം.നവോത്ഥാന മുന്നേറ്റത്തിന്റെ തുടർച്ചക്കുള്ള പ്രചോദനംകൂടിയാകട്ടെ മതിലെന്നും കെപിഎസി ലളിത പറഞ്ഞു.

സ‌്ത്രീപുരുഷ സമത്വം ഉറപ്പാക്കാൻ മരണംവരെ  പോരാടുമെന്ന‌് പ്രമുഖ അഭിനേത്രി വിജയകുമാരി പറഞ്ഞു.  ജനുവരി ഒന്നിന‌ു  നടത്തുന്ന വനിതാ മതിലിൽ ഭാഗഭാക്കാകും. ജാതിമത  കക്ഷിഭേദമില്ലാതെ എല്ലാ  കലാകാരികളും വനിതാ മതിലിൽ അണിചേരണം. കേരളത്തെ അന്ധകാരത്തിൽനിന്ന‌് കൈപിടിച്ചുയർത്തിയ നവോത്ഥാന ആശയങ്ങളെ പിന്നോട്ടടിപ്പിക്കാനുള്ള ചിലരുടെ  കുത്സിത പ്രവർത്തനങ്ങൾക്കെതിരെ  സ‌്ത്രീകൾ ഒന്നടങ്കം അണിനിരക്കണമെന്നും നാടകാചാര്യൻ ഒ മാധവന്റെ ഭാര്യയായ വിജയകുമാരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top