13 December Thursday

ഇഎസ‌്ഐ ഫണ്ട് കൈമാറ്റം: വെളിപ്പെടുന്നത് മോഡി‐ അംബാനി ചങ്ങാത്തം

എം പ്രശാന്ത്‌Updated: Saturday Oct 13, 2018

ന്യൂഡൽഹി > റഫേൽ കരാറിനു പിന്നാലെ ഇഎസ‌്ഐ ഫണ്ട് കൈമാറ്റം കൂടി പുറത്തുവന്നതോടെ അനിൽ അംബാനിയും നരേന്ദ്ര മോഡിയും ചേർന്നുള്ള ‘ചങ്ങാത്ത മുതലാളിത്തം’ കൂടുതൽ വെളിപ്പെട്ടു.  ഇഎസ്ഐ ഫണ്ട് കൂടി ലഭിക്കുന്നതോടെ  രാജ്യത്തെ പ്രധാനപ്പെട്ട നാല‌് സാമൂഹ്യക്ഷേമ നിധികളും കൈകാര്യം ചെയ്യാൻ അർഹതപ്പെട്ട സ്ഥാപനമായി റിലയൻസ‌് മാറി. നിലവില്‍ എംപ്ലോയീസ് പ്രൊവിഡന്റ‌് ഫണ്ട‌് (ഇപിഎഫ‌്ഒ), കൽക്കരിഖനി തൊഴിലാളികൾക്കായുള്ള പ്രൊവിഡന്റ‌് ഫണ്ട‌് (സിഎംപിഎഫ‌്ഒ), പെൻഷൻ ഫണ്ട‌് (പിഎ‌ഫ‌്ആർഡിഎ), ഇഎസ‌്ഐ ഫണ്ട‌് എന്നിവ റിലയന്‍സ് കൈകാര്യം ചെയ്യുന്നുണ്ട്. ഇഎസ‌്ഐ ഒഴികെയുള്ള മറ്റ‌് മൂന്ന‌് നിധികളും കൈകാര്യം ചെയ്യുന്നതിന‌് റിലയൻസിന‌് പുറമെ മറ്റുചില സ്ഥാപനങ്ങളും കൂടിയുണ്ട‌്. എന്നാൽ, ഇഎസ‌്ഐ റിലയൻസിന‌് മാത്രമായി ലഭിച്ചു. എച്ച‌്ഡി‌എഫ‌്സി, യുടിഐ, എച്ച‌്എസ‌്ബിസി എന്നീ സ്ഥാപനങ്ങളും മൽസര രംഗത്തുണ്ടായിരുന്നുവെങ്കിലും സർക്കാർ റിലയൻസിനെ തെരഞ്ഞെടുക്കുകയായിരുന്നു.

റഫേൽ ഇടപാടിലൂടെ മുപ്പതിനായിരം കോടി രൂപയുടെ നേട്ടമാണ‌് അനിൽ അംബാനിയുടെ റിലയൻസിന‌് ലഭിച്ചത‌്.ഇഎസ‌്ഐ നിധി കൈമാറ്റത്തിലൂടെ അറുപതിനായിരം കോടി രൂപ കൈകാര്യം ചെയ്യുന്നതിനുള്ള അവസരവും വന്നുചേർന്നിരിക്കുന്നു. ബിസിനസുകൾ പലതും പൊളിഞ്ഞ‌് തകർച്ചയിലായ അനിൽ അംബാനിക്ക‌് 90000 കോടി രൂപയുടെ നേട്ടത്തിനുള്ള അവസരമാണ് മോഡി സർക്കാർ ഒരുക്കിക്കൊടുത്തത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അടുക്കുന്ന ഘട്ടത്തിലാണ‌് ഈ വഴിവിട്ട സഹായം.

ഇഎസ‌്ഐ പദ്ധതിയുടെ വ്യാപ‌്തി വർധിപ്പിക്കുന്നതിനുള്ള നടപടികൾ അടുത്തയിടെ സർക്കാർ സ്വീകരിച്ചിരുന്നു. പദ്ധതിയിൽ അംഗമാകുന്നതിനുള്ള വരുമാന പരിധി പ്രതിമാസം 15000 രൂപയിൽനിന്ന‌് 21000 രൂപയായി ഉയർത്തി. അതോടൊപ്പം പദ്ധതിയിൽ ഉൾപ്പെടുന്നതിന‌് ഒരു സ്ഥാപനത്തിൽ വേണ്ട തൊഴിലാളികളുടെ കുറഞ്ഞ എണ്ണം ഇരുപതിൽനിന്ന‌് പത്തായി ചുരുക്കുകയും ചെയ‌്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top