13 December Thursday

കടം പെരുകി അനിൽ അംബാനി; കടബാധ്യത ആസ്‌തിയേക്കാൾ കൂടുതൽ

സ്വന്തം ലേഖകൻUpdated: Saturday Oct 13, 2018

ന്യൂഡൽഹി > ആസ‌്തിയേക്കാൾ കൂടുതൽ കടബാധ്യതയുള്ള അനിൽ അംബാനി ഗ്രൂപ്പ‌് കമ്പനികളുടെ വിശ്വാസ്യത തകർച്ചയിലേക്ക‌്. നിലവിൽ മൊത്തം ഓഹരിമൂല്യം 50,000 കോടി രൂപയിൽ താഴെ. 10 വർഷം മുമ്പ‌് നാല‌് ലക്ഷം കോടിയിൽപ്പരം രൂപയുടെ ഓഹരിമൂല്യം ഈ ഗ്രൂപ്പിനുണ്ടായിരുന്നു. റിലയൻസ‌് സ്ഥാപകൻ ധീരുഭായ‌് അംബാനി 2002ൽ മരിച്ചശേഷം മക്കളായ മുകേഷ‌് അംബാനിയും അനിൽ  അംബാനിയും തമ്മിലുള്ള സ്വത്തുതർക്കം രൂക്ഷമായതോടെ ഇരുഗ്രൂപ്പുകളായി പിരിഞ്ഞു. മുകേഷ‌് അംബാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി വ‌ളർന്നുവെങ്കിലും അനിലിന്റെ ഗതി താഴോട്ടായിരുന്നു. 2013‐14 സാമ്പത്തികവർഷത്തോടെ കടം പെരുകി.

ബാധ്യത തീർക്കാൻ ആസ‌്തികൾ വിറ്റു. റിലയൻസ‌് ഗ്രൂപ്പിന്റെ സിമന്റ‌് കമ്പനി 2016ൽ വാണിജ്യമേഖലയിലെ എതിരാളികളുടെ നിയന്ത്രണത്തിലായി. റിലയൻസ‌് പവറിന്റെ ഓഹരിമൂല്യം 2017ൽ വിപണിപ്രവേശനസമയത്തെ മൂല്യത്തിന്റെ മൂന്നിലൊന്നിൽ താഴെയായി‌. ഖനനം ചെയ്യാൻ അനുമതിയുള്ള കൽക്കരിയുടെ അളവ‌് കൂട്ടണമെന്നാവശ്യപ്പെട്ട‌് റിലയൻസ‌് പവർ കോടതികളിൽ സമർപ്പിച്ച ഹർജികളിൽ കടബാധ്യത വ്യക്തമാക്കിയിട്ടുണ്ട‌്.

550 കോടി രൂപയുടെ കുടിശ്ശിക തീർക്കാതെ അനിലും രണ്ട‌് മുതിർന്ന ഉദ്യോഗസ്ഥരും രാജ്യം വിട്ടുപോകുന്നത‌് തടയണമെന്നാവശ്യപ്പെട്ട‌് സ്വീഡിഷ‌് ടെലികോം കമ്പനി എറിക‌്സൺ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട‌്. റിലയൻസ‌് കമ്യൂണിക്കേഷൻസ‌് 45,000 കോടി രൂപ കടത്തിലായപ്പോൾ മുകേഷിന്റെ റിലയൻസ‌് ജിയോ 25,000 കോടി രൂപ നിക്ഷേപിച്ച‌്  ഏറ്റെടുക്കാമെന്ന‌് സമ്മതിച്ചിരുന്നു. എന്നാൽ, നിയമപ്രശ‌്നങ്ങളെ തുടർന്ന‌് ഏറ്റെടുക്കൽ നീണ്ടു. റിലയൻസ‌് കമ്യൂണിക്കേഷൻസിന്റെ ബാധ്യത 45,000 കോടി രൂപയായതോടെ രാജ്യാന്തര ഏജൻസികൾ കഴിഞ്ഞവർഷം കമ്പനി ഓഹരികളുടെ റേറ്റിങ‌് താഴ‌്ത്തി.


പ്രധാന വാർത്തകൾ
Top