14 December Friday

ജെഎൻയു തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ എസ്‌എഫ്‌ഐ വനിതാ നേതാവിനെതിരെ എബിവിപി ആക്രമണം

സ്വന്തം ലേഖകൻUpdated: Thursday Sep 13, 2018

ന്യൂഡൽഹി > ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എസ്എഫ്‌ഐ വനിതാ നേതാവിനെതിരെ എബിവിപി പ്രവർത്തകരുടെ ആക്രമണം. ബുധനാഴ്ച രാത്രി ക്യാമ്പസിൽ നടന്ന പ്രസിഡന്റ് സ്ഥാനാർത്ഥിമാരുടെ സംവാദത്തിനിടെയാണ് മുൻ ജനറൽ സെക്രട്ടറി കൂടിയായ ശതരൂപ ചക്രവർത്തിക്കെതിരെ ആക്രമണം ഉണ്ടായത്.

ഇടതുപക്ഷ സംഘടനാ പ്രവർത്തകരായ വിദ്യാർഥിനികളെ എബിവിപി നേതാക്കൾ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്തതോടെയാണ് ശതരൂപയ്ക്കു നേരെ അതിക്രമം ഉണ്ടായത്. വിദ്യാർഥിനികളെ കയ്യേറ്റം ചെയ്യുന്നത് ചിത്രീകരിച്ച തന്റെ മൊബൈൽഫോൺ എബിവിപി പ്രവർത്തകൻ വികാസ് പട്ടേൽ പിടിച്ചുവാങ്ങിയെന്ന് ശതരൂപ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനാർഥികളുടെ പ്രസംഗം കേൾക്കാൾ ഗംഗാ ഹോസ്റ്റലിനു സമീപത്തെ വേദിയിൽ ക്യാമ്പസിലെ വിദ്യാർഥികൾ ഒന്നടങ്കം ഒത്തുകൂടിയിരുന്നു. മുദ്രാവാക്യം വിളികളും താളവാദ്യങ്ങളും ചർച്ചയും നിറഞ്ഞുനിന്ന പരിപാടിക്കിടയിലാണ് എബിവിപി അതിക്രമം ഉണ്ടായത്. എബിവിപി പ്രവർത്തകർ പെൺകുട്ടികളെ പിടിച്ചുതള്ളുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. എതിർത്ത പെൺകുട്ടികളെ മർദ്ദിക്കാനും ശ്രമമുണ്ടായി. 'ഡൽഹി സർവകലാശാലയിൽ നിങ്ങളെ എങ്ങനെയാണോ മർദ്ദിക്കുന്നത് അതേപോലെ ജെഎൻയുവിലും മർദ്ദിക്കും' എന്ന് എബിവിപി പ്രവർത്തകർ ആക്രോശിച്ചെന്ന് ശതരൂപ പറഞ്ഞു. ഏത് ആശയങ്ങൾക്കും സംവദിക്കാൻ ഇടം നൽകുന്ന ജെഎൻയുവിന്റെ പാരമ്പര്യം തകർക്കുകയെന്ന ലക്ഷ്യമാണ് എബിവിപി നടപ്പാക്കുന്നത്.  വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ വിദ്യാർഥികൾ മറുപടി നൽകുമെന്നും എബിവിപി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എറിയപ്പെടുമെന്നും ശതരൂപ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top