13 November Tuesday

കിട്ടാക്കടത്തിൽ രഘുറാം രാജന്റെ കത്ത്; പ്രതിക്കൂട്ടില്‍ യുപിഎ, എൻഡിഎ

സ്വന്തം ലേഖകൻUpdated: Thursday Sep 13, 2018

ന്യൂഡൽഹി
കിട്ടാക്കടവും ബാങ്ക് വായ്പ തട്ടിപ്പും സംബന്ധിച്ച റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്റെ വെളിപ്പെടുത്തൽ ബിജെപിയെയും കോൺഗ്രസിനെയും പ്രതിക്കൂട്ടിലാക്കി.
യുപിഎ, എൻഡിഎ സർക്കാരുകളുടെ നയങ്ങളാണ് പ്രശ്നം വഷളാക്കിയതെന്ന് പാർലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റിക്ക് നൽകിയ കത്തിൽ രഘുറാം രാജൻ ചൂണ്ടിക്കാട്ടി. 2006‐2008 കാലത്ത് അനുവദിച്ച വായ്പകളാണ് വൻതോതിൽ കിട്ടാക്കടമായി മാറിയത്.
യുപിഎ സർക്കാരിന്റെ കാലത്ത്  ബാങ്കുകൾ വിവേചനരഹിതമായി വായ്പ നൽകിയെന്ന് കത്തിൽ വിശദീകരിക്കുന്നു. അന്ന് ഉയർന്ന സാമ്പത്തികവളർച്ചയുടെ പേരിൽ ഇതിനെ അധികൃതർ ന്യായീകരിച്ചു. എന്നാൽ, സാമ്പത്തികവളർച്ച എല്ലാക്കാലത്തും ഉയർന്നുനിൽക്കില്ല.
ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യയെയും ബാധിച്ചു. പല പദ്ധതികളും പരാജയമായി.
ഇരു സർക്കാരുകളുടെയും കാലത്തെ കൽക്കരിപ്പാടം വിതരണം പ്രക്രിയയും കുഴപ്പങ്ങൾ രൂക്ഷമാക്കി. ബാങ്കുകളിലെ കെടുകാര്യസ്ഥതയും അഴിമതിയും വായ്പാവിതരണത്തെ ബാധിച്ചു. പ്രൊമോട്ടർമാർ ദുരുദ്ദേശ്യത്തോടെ, പെരുപ്പിച്ചുകാട്ടിയ നിക്ഷേപ കണക്കുകൾ നൽകി. ആദ്യപദ്ധതികൾ കുഴപ്പത്തിൽ നിൽക്കുമ്പോൾതതന്നെ അതേ പ്രൊമോട്ടർമാർക്ക് തുടർന്നും വായ്പകൾ അനുവദിച്ചു.
ബാങ്ക് മേധാവികൾ ഉത്തരവാദികളായ കിട്ടാക്കടങ്ങളെക്കുറിച്ച് ഡയറക്ടർ ബോർഡുകളും അന്വേഷണ ഏജൻസികളും പരിശോധിക്കണം.
അവരുടെ അനധികൃത സ്വത്ത് കണ്ടെത്തണം. അപ്പോൾമാത്രമേ അഴിമതിയുടെ ആഴം വ്യക്തമാകൂ. മുദ്രവായ്പപോലുള്ള  ചെറുകിട വായ്പാവിതരണത്തിലും തട്ടിപ്പുകളുണ്ടെന്ന് രഘുറാം രാജൻ ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top