16 November Friday
5.5 തീവ്രത രേഖപ്പെടുത്തി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം: ഒരു മരണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

ന്യൂഡൽഹി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം. അസം, പശ‌്ചിമബംഗാൾ, ബിഹാർ, മേഘാലയ, ജാർഖണ്ഡ‌് എന്നീ സംസ്ഥാനങ്ങളിലാണ‌് ബുധനാഴ‌്ച രാവിലെ 10.20ന‌് ഭൂചലനം അനുഭവപ്പെട്ടത‌്. റിക്ടർ സ‌്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 20 സെക്കൻഡ‌് നീണ്ടുനിന്നു. ജമ്മു കശ‌്മീരിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട‌്. ഭൂചലനത്തെതുടർന്ന‌് സിലിഗുരിയിൽ ഒരാൾ മരിച്ചു. ബഹുനില അപ്പാർട്ടുമെന്റിൽനിന്ന‌് പുറത്തേക്കിറങ്ങുന്നതിനിടെ സമീർദാസ‌് എന്ന യുവാവാണ‌് മരിച്ചതെന്ന‌് ഡിഎൻഎ റിപ്പോർട്ട‌് ചെയ‌്തു.
അസമിലെ കൊക്രജാർ ടൗണിൽനിന്ന‌് 10 കിലോമീറ്റർ അകലെയാണ‌് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന‌് ഷില്ലോങ്ങിലെ കേന്ദ്ര ഭൂചലന നിരീക്ഷണകേന്ദ്രം അധികൃതർ പറഞ്ഞു. ഹരിയാനയിലും ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ബുധനാഴ‌്ച വീണ്ടും ചലനം അനുഭവപ്പെട്ടത‌് പരിഭ്രാന്തിയുളവാക്കി. പശ‌്ചിമ ബംഗാളിൽ കൊൽക്കത്തയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഒമ്പത‌് ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. ബംഗാളിൽ ഒരു മരണം റിപ്പോർട്ട‌് ചെയ‌്തുവെങ്കിലും ഭൂചലനത്തെ തുടർന്നാണെന്ന‌് സ്ഥിരീകരിച്ചിട്ടില്ലെന്ന‌് ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂചലനത്തെതുടർന്ന‌് പരിഭ്രാന്തരായവർ മണിക്കൂറുകളോളം പുറത്തിറങ്ങി നിന്നു. ബഹുനില മന്ദിരങ്ങളിൽനിന്നും പാർപ്പിട സമുച്ചയങ്ങളിൽനിന്നും നിരവധി പേരെ ഒഴിപ്പിച്ചു.


പ്രധാന വാർത്തകൾ
Top