20 September Thursday

ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ഇളവുമായി മഹാരാഷ്ട്ര , കെട്ടിടമുണ്ടാക്കാന്‍ കൃഷിഭൂമി

സ്വന്തം ലേഖകൻUpdated: Thursday Sep 13, 2018

ന്യൂഡൽഹി >തുടങ്ങുംമുമ്പേ കേന്ദ്രസർക്കാർ വിശിഷ്ട പദവി നൽകിയ റിലയൻസ് ഫൗണ്ടേഷന്റെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് മഹാരാഷ്ട്ര സർക്കാരും വഴിവിട്ട് സഹായം കോരിച്ചൊരിയുന്നു. കൃഷിഭൂമിയിൽ കെട്ടിടനിർമാണം വിലക്കുന്ന നിയമം ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി ബിജെപി സംസ്ഥാന സർക്കാർ ഇളവ് ചെയ്തു. കൃഷിഭൂമിയിൽ വൻകെട്ടിട നിർമാണത്തിന് സംസ്ഥാനം അനുമതി നൽകി.


 ഇതിനായി 1967ലെ മുബൈ കാർഷിക കുടിയായ്മ നിയമത്തിലെ കൃഷിഭൂമി വാങ്ങാനുള്ള അവകാശം കർഷകർക്ക് മാത്രമെന്ന നിബന്ധന എടുത്തുകളയും. കുന്നുകൾ ഇടിച്ചുനിരത്താനും വികസനപ്രവർത്തന നിരോധിത മേഖലകളിൽ കെട്ടിടമുണ്ടാക്കാനും ഇതോടെ റിലയൻസിനാകും. മറ്റ് നിരവധി ഇളവുകളും ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് സർക്കാർ അനുവദിക്കുന്നുണ്ട്. കൃഷി ഭൂമി കാർഷികേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം, നിർമാണപ്രവർത്തനങ്ങളിൽ ഈടാക്കുന്ന വികസനചാർജുകളിൽ 50 ശതമാനം കിഴിവ്, കൈവശം വയ്ക്കാവുന്ന കൃഷിഭൂമിയുടെ പരിധിയിൽ ഇളവ് എന്നിവയാണ് അനുവദിക്കുന്നത്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പും  സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചു.


എന്നാൽ, വലിയ വരുമാന നഷ്ടമുണ്ടാക്കുന്ന നീക്കത്തിനെതിരെ സംസ്ഥാന റവന്യൂ വകുപ്പ് എതിർപ്പുമായി രംഗത്തെത്തി. തുടർന്ന് ഈ എതിർപ്പുകൾ മറികടന്ന് തടസ്സങ്ങളില്ലാതെ പദ്ധതി നടപ്പാക്കുന്നതിന്  മന്ത്രിതല ഉപസമിതിയെ നിയമിച്ചിട്ടുണ്ട്.ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ നിർമാണം തുടങ്ങിയിട്ടില്ല. 2021ൽ പ്രവർത്തനം തുടങ്ങണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് വിശിഷ്ട പദവി നൽകിയത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.


പ്രധാന വാർത്തകൾ
Top