19 December Wednesday

മാധ്യമ നിരീക്ഷണം: മറുപടിയില്ലാതെ കേന്ദ്രം

സ്വന്തം ലേഖകൻUpdated: Monday Aug 13, 2018

ന്യൂഡൽഹി > പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരെ വിമർശിക്കുന്ന മാധ്യമങ്ങളെ “നിലയ്ക്കുനിർത്താൻ’ 200 അംഗ സംഘം പ്രവർത്തിക്കുന്നുവെന്ന വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാരിന് ഉത്തരമില്ല. മോഡിയെ വിമർശിച്ച എബിപി ചാനലിലെ മാധ്യമപ്രവർത്തകൻ പുണ്യ പ്രസൂൺ ബാജ്പയ് സമ്മർദംകാരണം രാജിവച്ചതിനുപിന്നാലെയാണ് വെളിപ്പെടുത്തലുണ്ടായത്. കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പരിപാടിക്കിടെ ചാനൽ സ്ക്രീൻ ബ്ലാക്ക് ഔട്ടാക്കി തടസ്സപ്പെടുത്തിയതിനുപിന്നിലും ഇതേ സംഘമാണെന്ന വിമർശനവും ശക്തമായി. എതിർ ശബ്ദമുയർത്തുന്ന മാധ്യമങ്ങൾക്കുള്ള പരസ്യതാക്കീതാണ് സംഭവങ്ങളെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിൽ സിബിഐ ഹെഡ്ക്വാർട്ടേഴ്സിന് സമീപത്തുള്ള സൂചനാ ഭവന്റെ പത്താംനിലയിലാണ് 200 അംഗ സംഘം പ്രവർത്തിക്കുന്നതെന്ന് പുണ്യ പ്രസൂൺ ബാജ്പയ് വെളിപ്പെടുത്തിയിരുന്നു.

24 മണിക്കൂറും രാജ്യത്തുള്ള ചാനലുകൾ നിരീക്ഷിക്കുകയാണ് ഇവരുടെ ദൗത്യം. ഓരോ ചാനലുകളും മോഡി, അമിത് ഷാ എന്നിവരെ എത്ര നേരം ഏത് തരത്തിൽ പ്രദർശിപ്പിച്ചു എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ഇവർ തയ്യാറാക്കും. ഏത് മാധ്യമങ്ങൾ, മാധ്യമപ്രവർത്തകർ അനുകൂലമായി സംസാരിക്കുന്നു, ആരൊക്കെ പ്രതികൂലമായി സംസാരിക്കുന്നു എന്നിവ നിരീക്ഷിക്കും. സർക്കാരിനെയും ബിജെപിയെയും അനുകൂലിക്കുന്ന ചാനലിനെ “വിശ്വസ്തം’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തും. മോഡിയുടെ മുഖം കാണിക്കാൻ മടിക്കുന്ന ചാനലുകൾക്ക‌് അതിനുപിന്നിലാണ് സ്ഥാനം. ഇത്തരം ചാനലുകളെ ഫോണിൽ വിളിക്കുന്ന സംഘം ആദ്യം നിർദേശമായും പിന്നീട് ഭീഷണിയായും ആവശ്യം അറിയിക്കും. തുടർന്ന് എഡിറ്റർ, ഉടമ തുടങ്ങിയവർക്കും ഭീഷണി എത്തും. വഴങ്ങാത്തവരെ സർക്കാർ സംവിധാനത്തിലൂടെ നേരിടും.

മൻമോഹൻസിങ് പ്രധാനമന്ത്രിയായിരിക്കെ 20 അംഗ സംഘം മാധ്യമങ്ങളെ നിരീക്ഷിച്ചിരുന്നു. ഭാരത് നിർമാൺ യോജന പദ്ധതി എങ്ങനെ റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഇവർ പരിശോധിച്ചിരുന്നു. അംബികാ സോണി വാർത്താവിതരണ മന്ത്രിയായപ്പോഴും നിരീക്ഷണം നടന്നിരുന്നു. സർക്കാർ പദ്ധതികൾ കൂടുതൽ റിപ്പോർട്ട് ചെയ്യിക്കുക എന്ന ലക്ഷ്യമായിരുന്നു അന്ന് പിന്തുടർന്നത്. മോഡി സർക്കാരിനുകീഴിൽ തങ്ങളെ വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കിനിർത്താനുള്ള ഉപാധിയായി ഇത് മാറി. മോഡിയുടെ വിദേശസന്ദർശനം കാര്യമായി ദൂരദർശൻ റിപ്പോർട്ടുചെയ്തില്ലെന്ന ആക്രമണത്തോടെയാണ് സംഘം നടപടികൾ ഇത്തരത്തിലാക്കിയത്. ഇതോടെ ദൂരദർശൻ ഇത്തരം സംഘങ്ങളുടെ കൈയിലായിമാറി.

ബ്രോഡ്കാസ്റ്റിങ് എൻജിനിയറിങ് കോർപറേഷൻ ഇന്ത്യ വഴിയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. ആറ് മാസം കരാർ നിയമനത്തിന് ഓരോ മാസവും 28,636 രൂപയാണ് വേതനം. പരിചയസമ്പന്നർക്ക് 37‌,450 രൂപയും കണ്ടന്റ് എഡിറ്റർമാർക്ക് 49,500 രൂപയുമാണ് നൽകുന്നത്.

പ്രധാന വാർത്തകൾ
Top