17 August Friday

അമീന്റെ ജീവിതം ലാളിത്യത്തിന്റെയും ധീരതയുടെയും ഉത്തമോദാഹരണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018


ന്യൂഡൽഹി > രാജ്യത്തെ തൊഴിലാളി വർഗപ്രസ്ഥാനത്തിന്റെയാകെ നേതാവായിരുന്ന മുഹമ്മദ് അമീന്റെ നിര്യാണത്തിൽ സിഐടിയു അഗാധ ദുഃഖം രേഖപ്പെടുത്തി. പ്രതിജ്ഞാബദ്ധതയുടെയും ലാളിത്യത്തിന്റെയും ധീരതയുടെയും ഉത്തമോദാഹരണമായിരുന്നു അമീന്റെ ജീവിതം. സിഐടിയു സ്ഥാപകാംഗമായിരുന്ന അമീൻ 2007 മെയ് മുതൽ 2010 മാർച്ച് വരെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 14ാം വയസ്സിൽ ചണമിൽ തൊഴിലാളിയായ അമീൻ ട്രേഡ്‌യൂണിയൻ പ്രസ്ഥാനത്തിൽ വളരെ ചെറുപ്പത്തിൽതന്നെ സജീവമായി. ബംഗാളിലും ദേശീയതലത്തിലും ട്രേഡ്‌യൂണിയൻ പ്രസ്ഥാനത്തിൽ വിവിധ തലത്തിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റി.
1987ൽ സിഐടിയു സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2010ൽ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞശേഷം വൈസ്പ്രസിഡന്റായി തുടർന്നു.

ചണം, റോഡുഗതാഗതം തുടങ്ങി വിവിധ വ്യവസായതല ഫെഡറേഷനുകളുമായി സഹകരിച്ചുപ്രവർത്തിച്ചു. ഈ ഘട്ടത്തിലൊക്കെ രാജ്യത്തെ ട്രേഡ്‌യൂണിയൻ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിച്ചു. അറിയപ്പെടുന്ന ഉറുദു കവിയായിരുന്ന അമീന്റേതായി നിരവധി കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു സിഐടിയു പ്രസ്താവനയിൽ പറഞ്ഞു. ഓൾ ഇന്ത്യ റോഡുഗതാഗത തൊഴിലാളി ഫെഡറേഷനും അമീന്റെ നിര്യാണത്തിൽ അനുശോചിച്ചു.

ഫെഡറേഷൻ മുൻ പ്രസിഡന്റാണ് അമീൻ. ട്രേഡ്‌യൂണിയൻ പ്രസ്ഥാനത്തിന് വലിയ സംഭാവന നൽകിയ അമീൻ റോഡുഗതാഗത തൊഴിലാളി ഫെഡറേഷൻ രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.  കുടുംബാംഗങ്ങളെ ഫെഡറേഷൻ അനുശോചനം അറിയിച്ചു. മുതിർന്ന സിപിഐ എം നേതാവ് മുഹമ്മദ് അമീന്റെ നിര്യാണത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അനുശോചിച്ചു.

പ്രധാന വാർത്തകൾ
Top