20 April Friday

കൊളീജിയം ഭിന്നത മുതലെടുത്ത് പിടിമുറുക്കാന്‍ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018


ന്യൂഡല്‍ഹി > സുപ്രീംകോടതി കൊളീജിയത്തില്‍ ചീഫ്ജസ്റ്റിസിനെതിരായി ഉയര്‍ന്ന പരസ്യമായ ഭിന്നത മുതലെടുത്ത് നീതിന്യായ സംവിധാനത്തിനുമേല്‍ പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു. മോഡി സര്‍ക്കാര്‍ അധികാരമേറ്റ് വൈകാതെ പാസാക്കിയ ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ (എന്‍ജെഎസി) ബില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പിന്നീട് റദ്ദാക്കിയിരുന്നു. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൊളീജിയം സംവിധാനം അവസാനിപ്പിച്ചുള്ളതായിരുന്നു എന്‍ജെഎസി ബില്‍. സുപ്രീംകോടതി ചീഫ്ജസ്റ്റിസും രണ്ട് മുതിര്‍ന്ന ജഡ്ജിമാരും നിയമ മന്ത്രിയും രണ്ട് നിയമവിദഗ്ധരും ഉള്‍പ്പെടുന്നതായിരുന്നു എന്‍ജെഎസി സംവിധാനം.

സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് എന്‍ജെഎസി നിയമം റദ്ദാക്കിയത്. എന്നാല്‍, ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം ആവശ്യമാണെന്ന് കോടതി അംഗീകരിക്കുകയും ചെയ്തു. പുതിയ നടപടിക്രമം തയ്യാറാക്കി അയക്കാമെന്നും കോടതി അറിയിച്ചു. 2017 മാര്‍ച്ചില്‍ നടപടിക്രമത്തിന്റെ അന്തിമരൂപം കോടതി സര്‍ക്കാരിന് അയച്ചുകൊടുത്തു. എന്നാല്‍, ഇതിനു മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പുതിയ നടപടിക്രമം അംഗീകരിക്കപ്പെട്ടതായി കോടതി ഇതോടെ കണക്കാക്കിയെങ്കിലും കൊളീജിയം അംഗീകരിച്ച് അയച്ചുകൊടുക്കുന്ന ജഡ്ജിമാരുടെ പേരുകള്‍ നിയമ മന്ത്രാലയം തടഞ്ഞുവയ്ക്കുന്നത് പതിവായി. രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ഇത് കാലതാമസത്തിന് ഇടയാക്കിയതോടെ പ്രധാനമന്ത്രി പങ്കെടുത്ത ഒരു യോഗത്തില്‍ അന്നത്തെ ചീഫ്ജസ്റ്റിസ് ടി എസ് താക്കുര്‍ പൊട്ടിക്കരയുന്ന സാഹചര്യം പോലുമുണ്ടായി.

എന്നാല്‍, ജുഡീഷ്യറിയെ വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കുകയാണുണ്ടായത്. തങ്ങള്‍ക്ക് വഴങ്ങിനില്‍ക്കണമെന്ന സന്ദേശം പല ഘട്ടത്തിലും കൈമാറി. ദീപക് മിശ്ര ചീഫ്ജസ്റ്റിസായ ശേഷം സര്‍ക്കാര്‍ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്ന വിധത്തില്‍ പല കേസിലും ഇടപെടലുകളുണ്ടായി. കൊളീജിയത്തിലെ ഇപ്പോഴത്തെ ഭിന്നതയും ഈ സാഹചര്യത്തിലാണ്.

കൊളീജിയം സംവിധാനം പരാജയമാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാരിന് ഇതോടെ അവസരമൊരുങ്ങുകയാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് റദ്ദുചെയ്ത എന്‍ജെഎസി ബില്‍ കൂടുതല്‍ വിപുലമായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രമിച്ചേക്കും. അതല്ലെങ്കില്‍ എന്‍ജെഎസി ബില്‍ മാറ്റങ്ങളോടെ വീണ്ടും പാര്‍ലമെന്റില്‍ കൊണ്ടുവരാനും സാധിക്കും. അയോധ്യാ കേസ് അടുത്ത ഫെബ്രുവരി മുതല്‍ കോടതി കേള്‍ക്കാനിരിക്കുകയാണ്. ചീഫ്ജസ്റ്റിസ് ദീപക് മിശ്രയാണ് ബെഞ്ചിനെ നയിക്കുന്നത്. കൊളീജിയം അംഗങ്ങളുടെ ഇടപെടലുകളില്‍ നിന്നും ചീഫ്ജസ്റ്റിസിനെ സംരക്ഷിച്ചുനീങ്ങാനാകും സര്‍ക്കാര്‍ ശ്രമിക്കുക. ജസ്റ്റിസ് മിശ്രയ്ക്കെതിരായി കലാപക്കൊടി ഉയര്‍ത്തിയ ജഡ്ജിമാര്‍ സര്‍ക്കാര്‍ വിരുദ്ധരാണെന്ന പ്രതീതി സൃഷ്ടിക്കാനും ശ്രമമുണ്ടാകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top