Top
22
Monday, January 2018
About UsE-Paper

ജസ്റ്റിസ് ലോയയുടെ മരണം ഗൌരവമുള്ളത്: സുപ്രീംകോടതി

Saturday Jan 13, 2018
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > അമിത് ഷാ പ്രതിയായ സൊഹ്റാബുദീന്‍ കേസില്‍ വാദം കേട്ട പ്രത്യേക സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണം അങ്ങേയറ്റം ഗൌരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി. ലോയയുടെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും എം എം ശന്തന ഗൌണ്ടറും ഉള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.

വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി 15നുള്ളില്‍ മറുപടി നല്‍കാനും ഉത്തരവിട്ടു.  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് അനുബന്ധരേഖകളും ഹാജരാക്കാനും മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകനായ ബി ആര്‍ ലോണെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സമാനമായ ഹര്‍ജി നിലവില്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുമുണ്ട്.

വെള്ളിയാഴ്ച സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ ബോംബെ ഹൈക്കോടതിയിലെ കേസിന്റെ കാര്യം ബോംബെ അഭിഭാഷക അസോസിയേഷനുവേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഹര്‍ജി കേള്‍ക്കേണ്ടതില്ലെന്നും ദവെ പറഞ്ഞു. ഹര്‍ജിക്കാരനുവേണ്ടി ഹാജരായ ഇന്ദിര ജയ്സിങ്ങും ഇതേ വാദം മുന്നോട്ടുവച്ചു.
 എന്നാല്‍, തങ്ങള്‍ കേസ് കേള്‍ക്കുകയാണെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നു. അഭിഭാഷകര്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

Related News

കൂടുതൽ വാർത്തകൾ »