21 October Sunday

ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ത്ത് മോഡി സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

 

ന്യൂഡല്‍ഹി > ജനങ്ങളുടെ വിശ്വാസ്യത ഒരു പരിധിവരെ കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് ഇതുവരെ കഴിഞ്ഞിരുന്നു. എന്നാല്‍, നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അമിതാധികാര പ്രവണത ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും കളങ്കപ്പെടുത്തിയിരിക്കയാണ്. തീവ്രഹിന്ദു സംഘടനക്കാരോ സംഘപരിവാറുകാരോ പ്രതിസ്ഥാനത്തുള്ള കേസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കീഴ്കോടതികളില്‍ അട്ടിമറിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ ഇടപെടലുകള്‍. സാധ്വി പ്രാചി, സ്വാമി അസീമാനന്ദ എന്നിവര്‍ പ്രതികളായ മലേഗാവ് സ്ഫോടനം, സംഝോത എക്സ്പ്രസ് സ്ഫോടനം, മെക്ക മസ്ജിദ് സ്ഫോടനം തുടങ്ങിയ കേസെല്ലാം വിവിധ ഘട്ടങ്ങളിലായി ദുര്‍ബലപ്പെട്ടുവരികയാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായെ സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍നിന്ന് ഒഴിവാക്കിയത് മറ്റൊരു ഉദാഹരണം. 2019ലെ പൊതുതെരഞ്ഞെടുപ്പിനുമുമ്പായി അയോധ്യ കേസുകൂടി അനുകൂലമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം.

അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ കേസ് കേട്ടിരുന്ന പ്രത്യേക സിബിഐ ജഡ്ജി ബ്രിജ്ഭൂഷണ്‍ ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് വന്ന ജഡ്ജി ഒരു മാസത്തിനുള്ളില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിച്ചു. ലോയയുടെ ദുരൂഹമരണ കേസ് ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. എന്നാല്‍, ബി ആര്‍ ലോണെന്ന മാധ്യമ പ്രവര്‍ത്തകന്‍ സുപ്രീംകോടതിയെ സമീച്ചതോടെ നിലവില്‍ കൊളീജിയം ജഡ്ജിമാര്‍ സംശയം പ്രകടിപ്പിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസ് വിട്ടു. ബോംബെ ഹൈക്കോടതിയുടെ പരിഗണനയില്‍ കേസുണ്ടെന്നും ഇവിടെ ഇപ്പോള്‍ കേള്‍ക്കേണ്ടതില്ലെന്നും അഭിഭാഷകരായ ദുഷ്യന്ത് ദവെയും ഇന്ദിരാ ജയ്സിങ്ങും കോടതിമുമ്പാകെ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

റിസര്‍വ് ബാങ്ക്, തെരഞ്ഞെടുപ്പ് കമീഷന്‍, ഇന്ത്യന്‍ പാര്‍ലമെന്റ്, സിബിഐ, എന്‍ഐഎ തുടങ്ങി രാജ്യത്തെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടെയും സുപ്രധാന സ്ഥാപനങ്ങളുടെയും അന്വേഷണ ഏജന്‍സികളുടെയും വിശ്വാസ്യത മോഡി സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം ദുര്‍ബലപ്പെടുകയാണ്. കറന്‍സി പിന്‍വലിക്കല്‍ എന്ന തുഗ്ളക് പരിഷ്കരണത്തിന്റെ ഭാഗമായി ആര്‍ബിഐയെ മോഡി സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. കറന്‍സി പിന്‍വലിക്കലിനോട് വിയോജിച്ചിരുന്ന രഘുറാം രാജന് ഗവര്‍ണര്‍ സ്ഥാനത്ത് രണ്ടാമതൊരു അവസരം നല്‍കാതെ തങ്ങള്‍ക്ക് വഴങ്ങുന്ന ഉര്‍ജിത് പട്ടേലിനെ മോഡി സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. തുടര്‍ന്ന് ധനമന്ത്രാലയത്തെയും ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡിനെയുമെല്ലാം ഇരുളില്‍ നിര്‍ത്തി 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു. നോട്ടു പിന്‍വലിക്കലിനുശേഷം നൂറിലേറെ തവണയാണ് ആര്‍ബിഐക്ക് തങ്ങളുടെ ഉത്തരവുകള്‍ ഭേദഗതി ചെയ്ത് പുറപ്പെടുവിക്കേണ്ടി വന്നത്.

തെരഞ്ഞെടുപ്പു കമീഷന്‍ എത്രമാത്രം സര്‍ക്കാര്‍ അനുകൂലമായി മാറിയെന്നത് ഗുജറാത്ത് തെരഞ്ഞെടുപ്പുകാലത്ത് കണ്ടതാണ്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ് നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ അചല്‍കുമാര്‍ ജ്യോതി.

പല ഘട്ടങ്ങളില്‍ പാര്‍ലമെന്റിനെയും സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. ലോക്സഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിലെ എണ്ണക്കുറവാണ് ജനാധിപത്യവിരുദ്ധ നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. പല ബില്ലുകളെയും മണി ബില്‍ രൂപത്തില്‍ അവതരിപ്പിച്ച് രാജ്യസഭ തള്ളിയാലും നിയമമാക്കി മാറ്റുന്നു. തുടര്‍ച്ചയായി ഓര്‍ഡിനന്‍സുകള്‍ ഇറക്കി പാര്‍ലമെന്റിനെ അവഹേളിക്കുന്നതും പതിവാണ്.

പ്രധാന വാർത്തകൾ
Top