21 October Sunday

ചരിത്രത്തില്‍ ഇതാദ്യം; പ്രകോപനം ലോയ കേസ്

എം പ്രശാന്ത്Updated: Saturday Jan 13, 2018

 
ന്യൂഡല്‍ഹി > അതിനാടകീയ നിമിഷങ്ങള്‍ക്കാണ് സുപ്രീംകോടതിയും ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ വസതിയും വെള്ളിയാഴ്ച സാക്ഷ്യംവഹിച്ചത്. മുതിര്‍ന്ന നാല് ജഡ്ജിമാര്‍ കോടതി നടപടി നിര്‍ത്തി മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. സമാന പ്രതിസന്ധിയിലൂടെ ഇന്ത്യന്‍ ജുഡീഷ്യറി ഇതിനുമുമ്പ് കടന്നുപോയിട്ടില്ല. ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന അഞ്ചംഗ കൊളീജിയത്തില്‍ മുമ്പും ഭിന്നതയുണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം കൊളീജിയത്തിനുള്ളില്‍ തന്നെ പരിഹരിക്കുന്നതായിരുന്നു കീഴ്വഴക്കം. ഇതാദ്യമായി ചീഫ് ജസ്റ്റിസില്‍ അവിശ്വാസം പ്രകടിപ്പിച്ച് നാല് കൊളീജിയം ജഡ്ജിമാര്‍ പരസ്യമായി രംഗത്തുവന്നത് നിയമസംവിധാനത്തില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നവരെയാകെ ഞെട്ടിച്ചു.

അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദീന്‍ കേസ് കേട്ട സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടതാണ് നാല് മുതിര്‍ന്ന ജഡ്ജിമാരെ പ്രകോപിപ്പിച്ചിട്ടുള്ളത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇക്കാര്യം മാധ്യമങ്ങളോട് പരസ്യമായി പറയുകയും ചെയ്തു. ഓരോ ജഡ്ജിയും സീനിയോറിറ്റി പ്രകാരം വിവിധ ബെഞ്ചുകളെ നയിക്കുന്ന രീതിയാണ് സുപ്രീംകോടതിയിലുള്ളത്.

ജസ്റ്റിസ് ജെ എസ് കെഹാറും തുടര്‍ന്ന് ജസ്റ്റിസ് ദീപക് മിശ്രയും ചീഫ് ജസ്റ്റിസായ ശേഷം സീനിയോറിറ്റി ക്രമം പാലിക്കുന്നില്ലെന്ന പരാതിയാണ് കൊളീജിയം ജഡ്ജിമാര്‍ക്കുള്ളത്. പല സുപ്രധാന കേസും ആദ്യ ബെഞ്ചുകളെ മറികടന്ന് ജൂനിയര്‍ ജഡ്ജിമാരിലേക്ക് പോകുന്നു. ഇതില്‍തന്നെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് വിവാദ സ്ഥാനത്തുള്ളത്. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും താല്‍പ്പര്യമുള്ള പല കേസുകളും ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് കേള്‍ക്കുകയോ അതല്ലെങ്കില്‍ അരുണ്‍ മിശ്രയുടെ ബെഞ്ചിലേക്ക് വിടുകയോ ചെയ്യുകയാണെന്ന് ആക്ഷേപമുണ്ട്. നരേന്ദ്ര മോഡിയടക്കം പല ബിജെപി നേതാക്കളും ഉള്‍പ്പെട്ട സഹാറ-ബിര്‍ള ഡയറി കേസ്, ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായി പരോക്ഷ ആരോപണമുള്ള മെഡിക്കല്‍കോഴ കേസ്, ആധാര്‍ കേസ്, അയോധ്യ കേസ് എന്നിവ ഉദാഹരണം. സഹാറ-ബിര്‍ള ഡയറിക്കുറിപ്പുകളില്‍ കോര്‍പറേറ്റുകള്‍ പണം നല്‍കിയവരുടെ പട്ടികയില്‍ മോഡിയുടെയും ശിവ്രാജ് സിങ് ചൌഹാന്റെയുമൊക്കെ പേര് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണത്തിനുപോലും ഉത്തരവിടാതെ ജസ്റ്റിസ് അരുണ്‍ മിശ്ര കേസ് തള്ളി.

സര്‍ക്കാരിന് ഏറെ നിര്‍ണായകമായ ആധാര്‍, അയോധ്യ കേസുകള്‍ ജ. ദീപക് മിശ്രയുടെ ബെഞ്ചാണ് കേള്‍ക്കുന്നത്. ആധാര്‍കേസില്‍ ഇതേവരെ സര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിച്ചുള്ള നിലപാടാണ് ജ. മിശ്ര സ്വീകരിച്ചത്. അയോധ്യ കേസില്‍ ഫെബ്രുവരി എട്ടുമുതല്‍ ജ. മിശ്ര തലവനായ മൂന്നംഗ ബെഞ്ച് വാദംകേട്ടു തുടങ്ങും. ഒക്ടോബറില്‍ ജ. മിശ്ര വിരമിക്കുന്നതിനുമുമ്പ് വിധി പുറപ്പെടുവിക്കാനാണ് ശ്രമം. ഇത്തരം സുപ്രധാനമായ ഒരു കേസ് തിരക്കിട്ട് കേള്‍ക്കുന്നതിലെ അനൌചിത്യം പല നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയതാണ്. സുപ്രീകോടതിയുടെ നാളിതുവരെയുള്ള നടപടികളും കീഴ്വഴക്കങ്ങളും തുടര്‍ച്ചയായി ലംഘിക്കുന്നതാണ് കടുത്ത തീരുമാനത്തിന് മുതിര്‍ന്ന ജഡ്ജിമാരെ പ്രേരിപ്പിച്ചത്.

പ്രധാന വാർത്തകൾ
Top