Top
19
Friday, January 2018
About UsE-Paper

കേന്ദ്രനയങ്ങള്‍ക്കെതിരെ ജയില്‍നിറയ്ക്കല്‍, പണിമുടക്ക്

Sunday Nov 12, 2017
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി > കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരത്തിന്് ആഹ്വാനംചെയ്ത് ഐതിഹാസിക മഹാധര്‍ണ സമാപിച്ചു. ജനവിരുദ്ധ നയങ്ങള്‍ തുടര്‍ന്നാല്‍ രാജ്യവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചു.  ജനുവരി അവസാനവാരം ജയില്‍നിറയ്ക്കല്‍ സമരം നടത്തും. പൊതുമേഖലയുടെ  സ്വകാര്യവല്‍ക്കരണനീക്കങ്ങളെ ചെറുക്കാന്‍ അതത് മേഖലകളില്‍ സംയുക്ത പണിമുടക്ക് സംഘടിപ്പിക്കും. ബജറ്റില്‍ തൊഴിലാളിവിരുദ്ധ പ്രഖ്യാപനങ്ങളുണ്ടായാല്‍ ശക്തമായി പ്രതിരോധിക്കും.

പാര്‍ലമെന്റ് സ്ട്രീറ്റില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള ലക്ഷക്കണക്കിനു തൊഴിലാളികള്‍ ചേര്‍ന്ന് അക്ഷരാര്‍ഥത്തില്‍ പ്രതിരോധക്കോട്ട തീര്‍ത്തു. ബിജെപി സര്‍ക്കാരിന് തൊഴിലാളികളുടെ ഐക്യത്തില്‍ ചെറുപോറല്‍പോലും ഏല്‍പ്പിക്കാനായില്ലെന്ന് വ്യക്തമാക്കുന്നതാണ് മൂന്നുദിവസം നീണ്ടുനിന്ന മഹാധര്‍ണയുടെ ഉജ്വല വിജയം. സമരങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 2018 ജനുവരി ആദ്യം സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാതല കണ്‍വന്‍ഷനുകള്‍ നടത്തും. കേന്ദ്ര ബജറ്റില്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാല്‍ ആദ്യദിവസംതന്നെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും.

സമാപനദിവസമായ ശനിയാഴ്ച അങ്കണവാടി, ആശാ, ഉച്ചഭക്ഷണപദ്ധതി തൊഴിലാളികളും വീട്ടുജോലിക്കാരും ഉള്‍പ്പെടെ വന്‍ സ്ത്രീപങ്കാളിത്തത്തോടെ ഒരുലക്ഷത്തിലേറെ പേരാണ് ധര്‍ണയില്‍ അണിനിരന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വികലനയങ്ങള്‍ക്കെതിരെ സമരകാഹളം ഉയര്‍ത്തി ഗ്രാമാന്തരങ്ങളില്‍നിന്നടക്കം തൊഴിലാളികള്‍ രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയെത്തി. കല്‍ക്കരി, ഉരുക്ക്, ഗതാഗതം, ടെലികോം, പെട്രോളിയം, വൈദ്യുതി, തുറമുഖം, കെട്ടിടനിര്‍മാണം, എന്‍ജിനിയറിങ്, പദ്ധതി തൊഴിലാളികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, റെയില്‍വെ, ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധനിര്‍മാണം തുടങ്ങി സമസ്തമേഖലയെയും പ്രതിനിധാനംചെയ്ത് യുവാക്കളും സ്ത്രീകളും ഉള്‍പ്പെടുന്നവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി.

സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍, പ്രസിഡന്റ് കെ ഹേമലത, ഗുരുദാസ് ദാസ്ഗുപ്ത (എഐടിയുസി), അശോക് സിങ് (ഐഎന്‍ടിയുസി), എച്ച് എസ് സിദ്ധു (എച്ച്എംഎസ്), സത്യവാന്‍ (എഐയുടിയുസി), ജി ദേവരാജന്‍ (ടിയുസിസി), മണാലി (സേവ), രാജീവ് ദിമിത്രി (എഐസിസിടിയു), എം ഷണ്‍മുഖം (എല്‍പിഎഫ്), അശോക് ഘോഷ് (യുടിയുസി) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, സാര്‍വത്രിക സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, മിനിമംകൂലി 18,000 രൂപയായി ഉയര്‍ത്തുക, ഓഹരിവിറ്റഴിക്കല്‍ അവസാനിപ്പിക്കുക, റെയില്‍വെയില്‍ അടക്കം വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിയുക, സ്ഥിരം സ്വഭാവമുള്ള തൊഴിലുകളില്‍ കരാര്‍ത്തൊഴില്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ സംഘടനകള്‍ സംയുക്തമായാണ് മഹാധര്‍ണ സംഘടിപ്പിച്ചത്.
(പേജ് 14, 16 കാണുക)