19 November Monday

ഭീകരാക്രമണങ്ങൾക്ക‌് ശ്രമം; 3 ഹിന്ദുത്വ തീവ്രവാദികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

ന്യൂഡൽഹി  > രാജ്യത്ത് ഭീകരാക്രമണങ്ങൾ ആസൂത്രണംചെയ്ത മൂന്ന് ഹിന്ദുത്വതീവ്രവാദികൾ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധാബോൽക്കർ, എം എം കലബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളിൽ പങ്കുള്ള സനാതൻ സൻസ്തയുമായും ഗോരക്ഷാസമിതിയുമായും ഇവര്‍ക്ക് അടുത്തബന്ധമുണ്ട്.  ഹിന്ദുഗോവംശ് രക്ഷാസമിതി അംഗവും സനാതൻ സൻസ്ത അനുഭാവിയുമായ വൈഭവ് റൗത്ത് (40), ഭീമാകൊറേഗാവിൽ ദളിതർക്കെതിരായ ആക്രമണങ്ങളുടെ ആസൂത്രകനായ സംഭാജി  ബിഡെയുടെ സംഘടനയായ ശിവപ്രതിഷ്ഠാൻ ഹിന്ദുസ്ഥാനിൽ അംഗമായ സുധാൻവ ഗോന്ദ്ലേക്കർ (39), ശരദ് കസാൽക്കർ (29) എന്നിവരെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധസേന (എടിഎസ്) അറസ്റ്റ‌് ചെയ്തത്. ഉഗ്രശേഷിയുള്ള ക്രൂഡ് ബോംബുകൾ, രണ്ട് ജലാറ്റിൻസ്റ്റിക്ക്, ബാറ്ററികൾ തുടങ്ങിയവ  പിടിച്ചെടുത്തു. ഗൗരിലങ്കേഷ് വധക്കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ്യംചെയ്ത പ്രത്യേക അന്വേഷണസംഘം കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

സ്വാതന്ത്ര്യദിനവും ബക്രീദും അടുത്ത സാഹചര്യത്തിൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടത്തി വർഗീയസംഘർഷം സൃഷ്ടിക്കാനാണോ തീവ്രവാദികൾ ലക്ഷ്യമിട്ടതെന്ന് അന്വേഷിക്കുന്നു. സ്വയംപ്രഖ്യാപിത ഗോസംരക്ഷകനായ വൈഭവ്റൗത്തിന്റെ വീട്ടിൽനിന്ന‌് പിടിച്ചെടുത്ത ബോംബുകൾ ഉഗ്രശേഷിയുള്ളതാണ‌്. അറസ്റ്റിലായവർ സനാതൻ സൻസ്തയുമായി അടുത്തബന്ധമുള്ളവരാണെന്ന് അന്വേഷണഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

എന്നാൽ, വൈഭവ് റൗത്ത് അംഗമല്ലെന്നാണ് സനാതൻ സൻസ്തയുടെ വിശദീകരണം. സനാതൻ സൻസ്ത ഏർപ്പാടാക്കിയ അഭിഭാഷകനാണ് വൈഭവിനുവേണ്ടി ഹാജരാകുന്നത്. എടിഎസിന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക‌് പ്രോസിക്യൂട്ടർ സുനിൽഗോൺസാൽവസ് മൂന്നുപേരെയും 15 ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അറസ്റ്റിലായവർക്ക് എവിടെനിന്നാണ് സ്ഫോടകവസ്തുക്കൾ ലഭിച്ചതെന്നും എന്തായിരുന്നു അവരുടെ പദ്ധതിയെന്നും ആരൊക്കെയാണ് പരിശീലനം നൽകിയതെന്നുമുള്ള വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് എടിഎസ് കോടതിയെ അറിയിച്ചു. അറസ്റ്റിലായവർ ഗൂഢാലോചനയിൽ ഏർപ്പെട്ടതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പ്രത്യേക കോടതി നിരീക്ഷിച്ചു.

സ്വയം സംസാരിക്കുന്ന തെളിവുകൾ ഗൗരവമുള്ളതാണെന്നും വിഷയത്തിൽ വിശദമായ തുടരന്വേഷണം ആവശ്യമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top