19 December Wednesday

ത്രിപുരയിൽ ക്രമസമാധാനം തകർന്നടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018


ന്യൂഡൽഹി
ബിജെപി‐ഐപിഎഫ്ടി ഭരണത്തിൽ ത്രിപുരയിൽ ക്രമസമാധാനം തകർന്നടിഞ്ഞെന്ന‌് സംസ്ഥാനം സന്ദർശിച്ച വസ്തുത അന്വേഷണ സംഘം. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ള, കലാപം, സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും ആദിവാസികൾക്കും ദളിതർക്കും പാവങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ എന്നിവ പതിവായി. നൂറുകണക്കിനു എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിലും പൊലീസ് നടപടിയില്ല. അക്രമികളെ പിടികൂടുന്നതിനു പകരം  ഇരകളെ കള്ളക്കേസിൽ കുടുക്കുന്നു‐ത്രിപുര സന്ദർശിച്ച സംഘത്തിലുണ്ടായിരുന്ന അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, അഖിലേന്ത്യ കിസാൻമഹാസഭ ജനറൽ സെക്രട്ടറി രാജാറാം സിങ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം തുടങ്ങിയ ആക്രമണങ്ങൾ രൂക്ഷമായി തുടരുകയാണ്. ഇടതുമുന്നണിയുടെയും വർഗബഹുജനസംഘടനകളുടെയും പ്രവർത്തകരെ ആക്രമിക്കുന്നു. രാകേഷ് ധർ, പ്രദീപ് ദേബ് ബർമ, തപസ് സത്രധർ, അജേന്ദ്ര റിയാങ് എന്നിവര്‍ രക്തസാക്ഷികളായി. പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഒരാളെപ്പോലും അറസ്റ്റുചെയ്തിട്ടില്ല. ആൾക്കൂട്ട കൊലകള്‍ നടക്കുന്നു. കൂട്ടബലാത്സംഗങ്ങളും ഇതര ശാരീരിക ആക്രമണങ്ങളും സംബന്ധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട 35 പെൺകുട്ടികളുടെ പേരുകളും ഇതിൽ പറയുന്നു. മുസ്ലിം വിഭാഗത്തിനുനേരെ പലയിടത്തും ആക്രമണങ്ങൾ നടക്കുന്നു. ഒരു വിധവയുടെ വീട് പൂർണമായും കത്തിച്ചു.ഇടതുമുന്നണി ഭരണകാലത്ത് കാര്യക്ഷമമായി നടപ്പാക്കിയ ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചു. പുതിയ സർക്കാർ മാസത്തിൽ ഏഴു  ദിവസം വരെ മാത്രമാണ് തൊഴിൽ നൽകുന്നത്.  വേതനം വർധിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയ ബിജെപി നിലവിലുണ്ടായിരുന്നതുപോലും വെട്ടിക്കുറച്ചു.

കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, ഡോ. സുനിലം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മേധ പട്കർ, എംപിമാരായ കെ കെ രാഗേഷ്, ജിതേന്ദ്രചൗധരി, ശങ്കർപ്രസാദ് ദത്ത, ജർണദാസ് ബൈദ എന്നിവരടങ്ങിയ സംഘം  സന്ദർശിച്ചത്.

പ്രധാന വാർത്തകൾ
Top