18 August Saturday

കേന്ദ്രമന്ത്രിക്കെതിരെ ബലാത്സം​ഗക്കേസ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

ന്യൂഡൽഹി > ജോലിവാഗ‌്ദാനം നൽകി സഹോദരികളായ യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അസമിലെ ബിജെപി നേതാവും  കേന്ദ്ര റെയില്‍ സഹമന്ത്രിയുമായ രാജെന്‍ ഗൊഹെയ്‌നെതിരെ പൊലീസ് കേസെടുത്തു. മന്ത്രി റെയില്‍വേയില്‍ ജോലിവാഗ‌്ദാനം നൽകി എട്ടുമാസത്തോളം ലൈംഗികമായി ഉപദ്രവിച്ചെന്ന  വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിന് വന്‍ നാണക്കേടായി.

അതേസമയം, സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിക്കാന്‍ ശ്രമം നടക്കുന്നതായി അസം പൊലീസ് വെളിപ്പെടുത്തി. ബലാത്സംഗം (ഐപിസി 376), വഞ്ചന (417), ഭീഷണിപ്പെടുത്തൽ ( 506) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത‌്.  അന്വേഷണം പുരോഗമിക്കുകയാണെന്നും ആവശ്യമെങ്കില്‍ മന്ത്രിയെ ചോദ്യംചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

നാഗോണ്‍ ജില്ലയിലെ വിവാഹിതയായ ഇരുപത്തിനാലുകാരിയാണ് താനും അനുജത്തിയും മന്ത്രിയുടെ പീഡനത്തിനിരയായെന്ന് പരാതി നല്‍കിയത്.  പരാതി നൽകിയ യുവതിയും മന്ത്രിയും തമ്മിൽ പരിചയമുണ്ടായിരുന്നു. മന്ത്രി അവരുടെ വീട്ടിലെ സന്ദർശകനായിരുന്നു. ഭർത്താവും ബന്ധുക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് മന്ത്രി ബലാത്സംഗം ചെയ‌്തുവെന്നാണ് പരാതിയിൽ പറയുന്നത്. റെയിൽവേയിൽ ജോലിവാഗ‌്ദാനം നൽകിയായിരുന്നു പീഡനം. മന്ത്രി ലൈംഗികച്ചുവയോടെ തങ്ങളോടെ സംസാരിക്കുന്നതിന്റെ ഫോൺ സംഭാഷണത്തിന്റെ തെളിവുണ്ടെന്ന‌് യുവതികൾ പറഞ്ഞു. യുവതിയുടെ സഹോദരി സാക്ഷിമൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ‌് പറഞ്ഞു.

സംഭവം പുറത്തായതോടെ, സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരാതി പിൻവലിക്കാന്‍ പരാതിക്കാരി ആവശ്യപ്പെട്ടതായി നാ​ഗോണ്‍ പൊലീസ് മേധാവി വെളിപ്പെടുത്തി.  കേസ് ഇപ്പോഴും നിലനില്‍ക്കുമെന്നും പൊലീസ് സ്വന്തം നിലയ്ക്ക് അന്വേഷിക്കുമെന്നും  അദ്ദേഹം അറിയിച്ചു. അതേസമയം, പരാതിക്കാരിയായ യുവതിക്കെതിരെ മന്ത്രിയുടെ മകന്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്നാണ് ആരോപണം. തന്റെ രാഷ്ട്രീയഭാവി തകർക്കാനുള്ള ഗൂഢാലോചനയാണ‌് നടക്കുന്നതെന്ന്  രാജെന്‍ ഗൊഹെയ്‌ൻ പ്രതികരിച്ചു. 

ആരോപണമുയർന്ന പശ്ചാത്തലത്തിൽ രാജേൻഗൊഹെയ‌്നെ മന്ത്രിസഭയിൽ നിന്നും നീക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ഉടൻ നിലപാട് വ്യക്തമാക്കണം.

അധികാരത്തിൽ തുടർന്ന് അന്വേഷണം അട്ടിമറിക്കാൻ ആരോപണവിധേയന് അവസരമൊരുക്കരുത്.  കോൺഗ്രസ് ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top