Top
19
Saturday, August 2017
About UsE-Paper

ജെഡിയു രാജ്യസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് ശരദ്‌യാദവിനെ നീക്കി; രാമചന്ദ്രപ്രസാദ് സിങ് പുതിയ നേതാവ്

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി >  ജെഡിയുവിന്റെ രാജ്യസഭാകക്ഷി നേതാവ് സ്ഥാനത്തുനിന്ന് മുതിര്‍ന്ന നേതാവ് ശരത്യാദവിനെ നീക്കി. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെപേരില്‍ ശരത്യാദവിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ബിഹാര്‍ എംപി ആര്‍ സി പി സിങ്ങിനെ രാജ്യസഭാകക്ഷി നേതാവായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് ജെഡിയുവിന്റെ 10 രാജ്യസഭാ അംഗങ്ങള്‍ രാജ്യസഭാചെയര്‍മാന്‍കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന് കത്ത് നല്‍കി. ബിഹാറില്‍ ആര്‍ജെഡിയുമായി സഖ്യം അവസാനിപ്പിച്ച് എന്‍ഡിഎയുമായി കൈകോര്‍ത്ത മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നടപടിയില്‍ ശരത്യാദവ് വിയോജിപ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.

ശരത്യാദവ് തുടര്‍ച്ചയായി പാര്‍ടി അച്ചടക്കം ലംഘിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെ നീക്കേണ്ടത് അനിവാര്യമായെന്ന് ജെഡിയു ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് വസിഷ്ഠ് നാരായണ്‍ പ്രതികരിച്ചു. 1984 ഉത്തര്‍പ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ആര്‍ സി പി സിങ് 2010ല്‍ സര്‍വീസില്‍നിന്ന് രാജിവച്ചാണ് ജെഡിയുവില്‍ ചേര്‍ന്നത്. നിതീഷ്കുമാറിന്റെ വിശ്വസ്തനായ ആര്‍ സി പി സിങ്ങാണ് ബിഹാറില്‍ മഹാസഖ്യം എന്ന ആശയം മുന്നോട്ടുവച്ചതെന്നും പാര്‍ടി വൃത്തങ്ങള്‍ അവകാശപ്പെട്ടു. വെള്ളിയാഴ്ച ജെഡിയു എംപി അലി അന്‍വര്‍ അന്‍സാരിയെ പാര്‍ലമെന്ററി പാര്‍ടി ഗ്രൂപ്പില്‍നിന്ന് നേതൃത്വം സസ്പെന്‍ഡ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതിനാണ് നടപടിയെന്ന് നിതീഷുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിച്ചു. നിതീഷ്കുമാര്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഹാറിലെ മഹാസഖ്യം പൊളിച്ചശേഷം ആദ്യമായിട്ടാണ് നിതീഷ് ഡല്‍ഹി സന്ദര്‍ശിക്കുന്നത്.

അമിത് ഷാ നിതീഷിനെ പരസ്യമായി എന്‍ഡിഎയിലേക്ക് സ്വാഗതംചെയ്ത സാഹചര്യത്തില്‍ നിതീഷിന്റെ മടങ്ങിവരവ് ഉടനെയുണ്ടായേക്കും. 19ന് പട്നയില്‍ ചേരുന്ന യോഗത്തില്‍ നിതീഷ് ഔദ്യോഗികമായി ജെഡിയു എന്‍ഡിഎയുടെ ഭാഗമാകുന്ന പ്രഖ്യാപനം നടത്തിയേക്കും. നിതീഷിനെ എന്‍ഡിഎ കണ്‍വീനറാക്കാന്‍ സാധ്യതയുണ്ടെന്ന് ചില ബിജെപി നേതാക്കള്‍ പറഞ്ഞു. എന്‍ഡിഎയുടെ ഭാഗമായാല്‍ ജെഡിയുവിന് ഒരു കേന്ദ്രമന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവും ലഭിച്ചേക്കും. രാജ്യസഭയില്‍നിന്ന് ശരത്യാദവിനെയും അലി അന്‍വറിനെയും നീക്കി പുതിയ അംഗങ്ങളെ കൊണ്ടുവരാനും നീക്കമുണ്ട്. ഇരുവരും രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അച്ചടക്കസമിതികള്‍ക്ക് പരാതി നല്‍കിയേക്കും.

ശരത്യാദവ്, നിതീഷിന്റെ പുതിയ സഖ്യരൂപീകരണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. താന്‍ ഇപ്പോഴും മഹാസഖ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജെഡിയു നേതാക്കള്‍ മാത്രമാണ് നിതീഷിന്റെ ഒപ്പമുള്ളത്. എന്നാല്‍, തന്നോടൊപ്പം സംഘടന മുഴുവനുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.