Top
19
Thursday, January 2017
About UsE-Paper

സമസ്ത മേഖലകളിലും തിരിച്ചടി

Thursday Jan 12, 2017
എം പ്രശാന്ത്


ന്യൂഡല്‍ഹി > അമേരിക്കല്‍ താല്‍പ്പര്യത്തിന് വഴങ്ങിയുള്ള മോഡി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ സമ്പദ്വ്യവസ്ഥയുടെ സമസ്ത മേഖലകളെയും മുരടിപ്പിലേക്ക് നയിച്ചതായി പഠനങ്ങള്‍. ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാതോത് ലോകബാങ്ക് ഉള്‍പ്പെടെ വെട്ടിക്കുറച്ചു. ചെറുകിട-ഇടത്തരം വ്യവസായ മേഖല, റിയല്‍ എസ്റ്റേറ്റ്, വാഹനവിപണി, ഉപഭോക്തൃ വസ്തുക്കള്‍, ബാങ്കിങ് ഉള്‍പ്പെടെയുള്ള സേവനമേഖല തുടങ്ങിയ മേഖലകളെയെല്ലാം നോട്ടുക്ഷാമം ദോഷകരമായി ബാധിച്ചു. ജിഡിപിയില്‍ ഒരു ശതമാനമോ അതിലധികമോ ഇടിവ് സംഭവിക്കുമെന്ന വിലയിരുത്തലിലാണ് മുതലാളിത്ത അനുകൂല സാമ്പത്തിക വിലയിരുത്തല്‍ ഏജന്‍സികള്‍ പോലും. ഒരു ശതമാനം ഇടിഞ്ഞാല്‍തന്നെ ജിഡിപിയില്‍ ഉണ്ടാകുന്ന നഷ്ടം ഒന്നരലക്ഷം കോടിയിലേറെ രൂപ.

ജിഡിപി വളര്‍ച്ച 2016-17 വര്‍ഷത്തില്‍ 7.6 ശതമാനമാകുമെന്ന് ലോകബാങ്ക് ജൂണില്‍ പ്രവചിച്ചിരുന്നു. നോട്ട് അസാധുവാക്കലിന് ശേഷമുള്ള വിലയിരുത്തലില്‍ വളര്‍ച്ച ഏഴു ശതമാനമായി ഇടിയുമെന്നാണ് ലോകബാങ്കിന്റെ കണ്ടെത്തല്‍. മൂന്നാം പാദത്തിലെ വളര്‍ച്ചയെ ഏറെ ദോഷകരമായി ബാധിച്ചുവെന്ന് ലോകബാങ്ക് വിലയിരുത്തി.  നാലാം പാദത്തിലും സ്ഥിതി വ്യത്യസ്തമാകില്ലെന്നും അഭിപ്രായപ്പെടുന്നു.

പ്രമുഖ സാമ്പത്തിക അവലോകന ഏജന്‍സിയായ ഫിച്ച് റേറ്റിങ്സ് ജിഡിപി വളര്‍ച്ച 6.9 ശതമാനമായി ഇടിയുമെന്നാണ് പ്രവചിച്ചത്. 2016-17ല്‍ 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ഫിച്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. സമ്പദ്വ്യവസ്ഥയുടെ ആഘാതം പരിഗണിച്ചാണ് 6.9 ശതമാനത്തിലേക്ക് ഫിച്ച് കുറച്ചത്. കര്‍ഷകര്‍ വിത്തും വളവും വാങ്ങാനാകാതെ കുഴങ്ങി. ഉല്‍പ്പന്ന വിതരണ ശൃംഖല തകര്‍ന്നു.

ജിഡിപി വളര്‍ച്ച ഏഴു ശതമാനത്തിലേക്ക് കുറയുമെന്ന് റിസര്‍വ് ബാങ്കും 7.1 ശതമാനത്തിലേക്ക് ഇടിയുമെന്ന് കേന്ദ്ര സ്ഥിതിവിവര കാര്യാലയവും വിലയിരുത്തി. ഏഴു ശതമാനത്തിലേക്ക് എത്തില്ലെന്നാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ വിലയിരുത്തല്‍. ഡിസംബറില്‍ ഫാക്ടറി ഉല്‍പ്പാദനം ആറുമാസത്തെയും വാഹന വിപണി 16 വര്‍ഷത്തെയും വലിയ ഇടിവ് രേഖപ്പെടുത്തി. ഇരുചക്രവാഹനവില്‍പ്പന 22 ശതമാനം ഇടിഞ്ഞു. കാര്‍ വില്‍പ്പന 8.14 ശതമാനവും. ഫിയറ്റ് കമ്പനി ഉല്‍പ്പാദനം നിര്‍ത്തി.

ഉപഭോക്തൃ ഉല്‍പ്പന്ന വിപണിയില്‍ നവംബറില്‍ 20-25 ശതമാനവും ഡിസംബറില്‍ 10 ശതമാനവും ഇടിഞ്ഞതായി ജെ എം ഫിനാന്‍ഷ്യലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ രണ്ടു പാദങ്ങളില്‍ മികച്ച വളര്‍ച്ച നേടി. സൂക്ഷ്മ- ചെറുകിട മേഖലയില്‍ 35 ശതമാനം തൊഴില്‍ നഷ്ടവും 50 ശതമാനം വരുമാന നഷ്ടവും സംഭവിച്ചു. ഇടത്തരം- വന്‍കിട യൂണിറ്റുകളുടെ കാര്യത്തില്‍ തൊഴില്‍ നഷ്ടം 35 ശതമാനവും വരുമാന നഷ്ടം 45 ശതമാനവുമാണ്.

എസ്ബിഐ റിസര്‍ച്ചിന്റെ കണക്കുപ്രകാരം മുംബൈ, പുണെ നഗരങ്ങളിലെ 69 ശതമാനം വ്യാപാരം ഇടിഞ്ഞു. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികള്‍ നഗരംവിട്ടു. റിയല്‍എസ്റ്റേറ്റ് മേഖലയില്‍ രാജ്യത്തെ പ്രമുഖമായ എട്ടു നഗരങ്ങളില്‍ മാത്രം വില്‍പ്പനയില്‍ 44 ശതമാനം ഇടിഞ്ഞു. പുതിയ പാര്‍പ്പിടങ്ങളുടെ കാര്യത്തില്‍ 61 ശതമാനമാണ് ഇടിവ്. ഇതുമൂലം സംസ്ഥാനങ്ങള്‍ക്കുള്ള വരുമാന നഷ്ടം 22,000 കോടിയോളം രൂപ.