21 May Monday

ബലാത്സംഗത്തെ കുറിച്ച് എംഎല്‍എ പരസ്യമായി വിവരങ്ങളാരാഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2017


പട്ന > കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സുഹൃത്തുക്കളോട് കാര്യങ്ങള്‍ പരസ്യമായി ആരാഞ്ഞ എംഎല്‍എയുടെ നടപടി വിവാദത്തില്‍. ബിഹാറിലെ രാഷ്ട്രീയ ലോക് സമത പാര്‍ടി എംഎല്‍എ ലാലന്‍ പാസ്വാനാണ് പെണ്‍കുട്ടി എങ്ങനെയാണ് ബലാത്സംഗത്തിന് ഇരയായതെന്ന് മരിച്ച പെണ്‍കുട്ടിയുടെ സുഹൃത്തിനോട് ആരാഞ്ഞത്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായി. 'എങ്ങനെയാണ് അവള്‍ ബലാത്സംഗംചെയ്യപ്പെട്ടത്?

എവിടെനിന്നാണ് ചോര വന്നത്' തുടങ്ങിയ ചോദ്യങ്ങളാണ് വിവാദമായത്. ബിഹാറില്‍ ബിജെപി സഖ്യത്തിലുള്ള പാര്‍ടിയാണ് രാഷ്ട്രീയ ലോക്സമത. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. പട്നയിലെ വൈശാലിയിലെ സര്‍ക്കാരിന്റെ കീഴിലുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് കഴിഞ്ഞദിവസം പത്താംക്ളാസുകാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവം വള്ളിപുള്ളി വിടാതെ വിവരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

അങ്ങനെ പറയാന്‍ കഴിയില്ലെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞപ്പോള്‍, നിനക്ക് വിദ്യാഭ്യാസമുള്ളതാണെന്നും കൃത്യമായി മറുപടി നല്‍കണമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തി. കുട്ടികള്‍ തലതാഴ്ത്തിനില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തില്‍ മാപ്പുപറയാന്‍ എംഎല്‍എ ഇതുവരെ തയ്യാറായിട്ടില്ല.
 

പ്രധാന വാർത്തകൾ
Top