21 November Wednesday

ലക്ഷ്യം വർഗീയപ്രചാരണം ചരിത്ര നഗരങ്ങളുടെ പേരുമാറ്റി ബിജെപി

സ്വന്തം ലേഖകൻUpdated: Sunday Nov 11, 2018

ന്യൂഡൽഹി
ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അടുത്തിരിക്കെ വികസനമുരടിപ്പിൽനിന്ന‌് ശ്രദ്ധ തിരിക്കാനും സമ്പൂർണ കാവിവൽക്കരണം അടിച്ചേല്‍പ്പിക്കാനുമായി ചരിത്രപ്രാധാന്യമുള്ള നഗരങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുമാറ്റല്‍ സജീവം. ഉത്തർപ്രദേശില്‍ യോഗി ആദിത്യനാഥ‌് സർക്കാർ തുടങ്ങിയ നീക്കം മറ്റു സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളും പിന്തുടരുന്നു. മുസ്ലിം–- ക്രൈസ്തവ  പേരുകളോ ഇത്തരം ധ്വനിയുള്ള പേരുകളോ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി നേതൃത്വം തന്നെ സമ്മതിക്കുന്നു.

ആഗ്രയെ അഗ്രവാൾ എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് യുപിയിലെ ബിജെപി എംഎൽഎമാരുടെ ഇപ്പോഴത്തെ ആവശ്യം.
ഫൈസാബാദ് ശ്രീഅയോധ്യ എന്നായും അലഹബാദിനെ പ്രയാഗ‌്‌രാജായും കാൺപുരിലെ പാങ്കി റെയിൽവേസ‌്റ്റേഷൻ പാങ്കി ധാം എന്നും യുപിയിലെ ബിജെപി സർക്കാർ പുനർനാമകരണം ചെയ‌്തു. ലഖ‌്നൗവിലെ ഇകാനാ രാജ്യാന്തര സ്റ്റേഡിയം അടൽ ബിഹാരി വാജ്പേയ് രാജ്യാന്തര സ്റ്റേഡിയമെന്നാക്കി. മുഗൾ സാരായ് റെയിൽവേ സ്റ്റേഷൻ ദീൻദയാൽ ഉപാധ്യായ ജങ്ഷനാക്കി.

അക‌്ബർ ചക്രവർത്തിയുടെ കാലംമുതൽ ഇന്ത്യയുടെ ചരിത്രപാരമ്പര്യം പേറുന്ന പേരായിരുന്നു അലഹബാദ‌്. രാമക്ഷേത്രനിർമാണം നടത്തുമെന്ന സംഘപരിവാർ പ്രഖ്യാപനത്തിനുപിന്നാലെയാണ‌് ഫൈസാബാദിന്റെ പേര‌് ശ്രീഅയോധ്യ എന്നാക്കിയത‌്. അയോധ്യയിൽ നിർമിക്കുന്ന മെഡിക്കൽ കോളേജിന‌് ദശരഥ മഹാരാജാവിന്റെ പേരിടുമെന്നും സരയൂ തീരത്ത‌് കൂറ്റൻ ശ്രീരാമപ്രതിമ സ്ഥാപിക്കുമെന്നും ആദിത്യനാഥ‌് പ്രഖ്യാപിച്ചിട്ടുണ്ട‌്.

കാൺപുർ വിമാനത്താവളം ഗണേഷ് ശങ്കർ വിദ്യാർഥിയുടെ പേരിൽ പുനഃനാമകരണം ചെയ്യും. ആഗ്ര വിമാനത്താവളത്തെ ജനസംഘം സ്ഥാപകനായ ഉപാധ്യായയുടെ പേരിലാക്കി. ഗൊരഖ്പുരിലെ വ്യോമസേന വിമാനത്താവളത്തിന്റെ പേര് മഹായോഗി ഗൊരഖ്നാഥ് എന്നാക്കാൻ തീരുമാനിച്ചു. താജ് മഹലിന്റെ പേര് രാംമഹൽ എന്നാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട‌്. ഇന്ത്യ എന്നത് ഹിന്ദുസ്ഥാൻ എന്നാക്കാൻ ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആവശ്യവും ആദിത്യനാഥ‌് ഉന്നയിച്ചിട്ടുണ്ട‌്.

അഹമ്മദാബാദിന്റെ പേര‌് കർണാവതി എന്നാക്കുമെന്ന‌് ഗുജറാത്ത‌് മുഖ്യമന്ത്രി വിജയ‌് രൂപാനി പറഞ്ഞു. തെലങ്കാന തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഹൈദരാബാദിന്റെ പേര‌് ഭാഗ്യനഗർ എന്നാക്കുമെന്നാണ് ബിജെപി പ്രഖ്യാപനം. ഭോപാലിനെ ഭോജ്പാലായും ഔറംഗാബാദിനെ സംഭാജി നഗറായും പട്നയെ പാടലീപുത്രമായും ഗോവയെ ഗോവാപുരിയായും നാഗാലൻഡിനെ നാഗാച്ചിയായും മുസഫർനഗർ ലക്ഷ‌്മിനഗറായും പുനഃനാമകരണം ചെയ്യണമെന്ന‌് നിർദേശവുമുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top