21 November Wednesday

കരുത്തറിയിക്കാൻ ലോക‌്താന്ത്രിക‌് മോർച്ച

സ്വന്തം ലേഖകൻUpdated: Sunday Nov 11, 2018

ന്യൂഡൽഹി > രാജസ്ഥാനിൽ സിപിഐ എം ഉൾപ്പെടെ ഏഴ‌് പാർടിയുടെ മുന്നണിയായ രാജസ്ഥാൻ ലോക‌്താന്ത്രിക‌്മോർച്ച (ആർഎൽഎം) ബിജെപിക്കും കോൺഗ്രസിനും കടുത്ത വെല്ലുവിളി ഉയർത്തും. സിപിഐ എം, സിപിഐ, സിപിഐ എംഎൽ, സമാജ‌്‌വാദി പാർടി, രാഷ്ട്രീയ ലോക‌്ദൾ, ജനതാദൾ (സെക്കുലർ), എംസിപിഐ (യുണൈറ്റഡ‌്) തുടങ്ങിയ പാർടികളുടെ കൂട്ടായ്മയാണ് ലോക‌്താന്ത്രിക‌്മോർച്ച. 200 സീറ്റിലും ശക്തരായ സ്ഥാനാർഥികളെ അണിനിരത്തി. ഡിസംബർ ഏഴിനാണ‌് തെരഞ്ഞെടുപ്പ‌്.

വസുന്ധര രാജെ സർക്കാരിന്റെ ഭരണപരാജയത്തിനും  മോഡി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കുമെതിരെ വോട്ടിലൂടെ പ്രതികരിക്കണമെന്ന‌് ലോക‌്താന്ത്രിക‌് മോർച്ച ആഹ്വാനം ചെയ‌്തു. വടക്കൻ രാജസ്ഥാനിലെ ശെഖാവതി മേഖലയാണ‌് രാജസ്ഥാനിൽ സിപിഐ എമ്മിന്റെ ശക്തികേന്ദ്രം. ‘ചുവന്നദ്വീപ‌്’ എന്നാണ‌് അറിയപ്പെടുന്നത‌്. ശെഖാവതിയിൽനിന്ന‌് സിപിഐ എം പലവട്ടം ജയിച്ചിട്ടുണ്ട‌്. സിക്കർ ജില്ലയിലെ എട്ട‌് മണ്ഡലത്തിൽ സിപിഐ എം മത്സരിക്കുന്നുണ്ട‌്.

സമീപകാലത്തെ കർഷകപോരാട്ടങ്ങളുടെ ഐതിഹാസിക വിജയങ്ങളുടെ പിൻബലമാണ‌് പാർടിയുടെ കരുത്ത‌്. കർഷക വായ‌്പകൾ എഴുതിത്തള്ളണമെന്ന ആവശ്യമുന്നയിച്ച‌് കിസാൻസഭ സിക്കറിൽ നടത്തിയ പ്രക്ഷോഭം വൻവിജയമായിരുന്നു. ലോങ‌്മാർച്ചിന്റെ ചരിത്രവിജയത്തിന‌് പിന്നാലെ സിക്കറിലെ കർഷകപ്രഷോഭവും വിജയിച്ചത‌് കർഷകർക്കും തൊഴിലാളികൾക്കും ഇടതുപക്ഷത്തിലുള്ള വിശ്വാസം ബലപ്പെടുത്തിയിട്ടുണ്ട‌്.

സിക്കർ പ്രക്ഷോഭത്തെ തുടർന്ന‌് 50,000 രൂപ വരെയുള്ള വായ‌്പകൾ എഴുതിത്തള്ളാൻ സർക്കാർ തയ്യാറായിരുന്നു. അമ്രാറാമും പെമാറാമും ഉൾപ്പെടെയുള്ള സിപിഐ എം നേതാക്കളാണ‌് ഉജ്വല കർഷകപോരാട്ടത്തിന‌് നേതൃത്വം നൽകിയത‌്.

അമ്രാറാം ദന്താ–-രാംഗഢ‌് മണ്ഡലത്തിൽനിന്നും പെമാറാം ദോണ്ഡ‌് മണ്ഡലത്തിൽനിന്നും ജനവിധി തേടുന്നു. 2008ൽ അമ്രാറാം ദന്താ–-രാംഗഢിൽനിന്ന‌് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2004ൽ ശ്രീഗംഗാനഗറിൽ ഇന്ദിരാഗാന്ധി കനാലിൽ നിന്നുള്ള ജലത്തിന്റെ അളവ‌് വെട്ടിക്കുറച്ചതിനെത്തുടർന്ന‌് സിപിഐ എം ശക്തമായ സമരം നടത്തിയിരുന്നു.

സമരത്തിന‌് നേരെയുണ്ടായ പൊലീസ‌് വെടിവയ‌്പ്പിൽ നാല‌് കർഷകർ രക്തസാക്ഷികളായി. ഇതിന‌് പിന്നാലെ, സർക്കാർ ജലത്തിന്റെ അളവ‌് പുനഃസ്ഥാപിച്ചു. 2005ൽ വൈദ്യുതിനിരക്ക‌് വർധനയ‌്ക്കെതിരെ ജയ‌്പൂരിൽ നടത്തിയ സമരവും വൻവിജയമായി. 2008 തെരഞ്ഞെടുപ്പിൽ മൂന്ന‌് സീറ്റ‌് ജയിച്ച‌് സിപിഐ എം രാജസ്ഥാനിൽ ശക്തമായ സാന്നിധ്യം അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top