16 October Tuesday

പൊതുമേഖലയെ കുത്തകകള്‍ക്ക് തീറെഴുതാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കം ചെറുക്കും; ഡല്‍ഹിയില്‍ പ്രക്ഷോഭജ്വാല

പി ആര്‍ ചന്തുകിരണ്‍Updated: Saturday Nov 11, 2017

ന്യൂഡല്‍ഹി > കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്തട്രേഡ്യൂണിയനുകളുടെ മഹാധര്‍ണയുടെ രണ്ടാംദിനം പാര്‍ലമെന്റ് സ്ട്രീറ്റില്‍ പതിനായിരങ്ങള്‍ പടയണി തീര്‍ത്തു. തൊഴില്‍ അവകാശങ്ങളുടെ കഴുത്തു ഞെരിക്കുന്നതിനൊപ്പം പൊതുമേഖലയെ കുത്തകകള്‍ക്ക് തീറെഴുതാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കം ചെറുക്കുമെന്ന് തൊഴിലാളികള്‍ ആഹ്വാനം ചെയ്തു.

പൊതുമേഖല ബാങ്കുകളിലെയും ഇന്‍ഷറന്‍സ് കമ്പനികളിലെയും ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ മേഖലയില്‍നിന്നുള്ളവരാണ് വെള്ളിയാഴ്ച പാര്‍ലമെന്റ് സ്ട്രീറ്റില്‍ അണിനിരന്നത്. 12 ഇന ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം രാജ്യവ്യാപക പണിമുടക്ക് ഉള്‍പ്പെടെയുള്ള തീവ്ര പ്രക്ഷോഭങ്ങളിലേക്ക് കടക്കും. മഹാധര്‍ണ്ണയുടെ സമാപന ദിവസമായ ശനിയാഴ്ച തുടര്‍ സമരങ്ങള്‍ പ്രഖ്യാപിക്കും.

പൊതുമേഖലയെ കുത്തക കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്ത് രാജ്യദ്രോഹ പ്രവര്‍ത്തനമാണ് മോഡി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സിഐടിയു പ്രസിഡന്റ് കെ ഹേമലത പറഞ്ഞു. വന്‍ തോതില്‍ തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നത് മാത്രമല്ല പ്രശ്നം. ദേശീയ സുരക്ഷ, സാമ്പത്തിക ഭദ്രത, ഉറ്റപ്പെട്ട പ്രദേശങ്ങളുടെ സാമൂഹിക വികസനം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സംഭാവന ചെയ്യുന്ന രാജ്യത്തിന്റെ വിശിഷ്ട സമ്പത്താണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. തന്ത്രപ്രധാനമായ പ്രതിരോധ മേഖലയും റെയില്‍വേയും അടക്കം സര്‍ക്കാര്‍ സ്വകാര്യ വല്‍ക്കരിക്കുകയാണ്.

100 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി നല്‍കി. ദേശീയതയും രാജ്യസ്നേഹവും കുത്തയാണെന്ന് അവകാശപ്പെടുന്നവരാണ് ഈ അപകടകരമായ നയം നടപ്പാക്കുന്നത്. രാജ്യത്തെ പ്രതിരോധ മേഖല ഇസ്രയേല്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് തുറന്നുകൊടുക്കുകയാണ്. ആയുധങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ അടച്ചുപൂട്ടുന്നത് ആയിരക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തും. ഒപ്പം തന്ത്രപ്രധാന മേഖലയിലേക്ക് വിദേശ ശക്തികള്‍ കടന്നു കയറുകയും ചെയ്യും.

സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനും ആദ്യ ഘട്ടത്തില്‍ 407 റെയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യ വല്‍ക്കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ഡല്‍ഹി, ഹൌറ, ബംഗളൂരു, ചെന്നെ ഉള്‍പ്പെടെ 23 സ്റ്റേഷനുകള്‍ ഏറ്റെടുക്കുന്നതിന് സ്വകാര്യ കമ്പനികളില്‍നിന്ന് ടെണ്ടര്‍ ഉള്‍പ്പെടെ വിളിച്ചു. ഇവിടെ കരാറടിസ്ഥാനത്തില്‍ കമ്പനികളുടെ തൊഴിലാളികളാവും പണിയെടുക്കുക. പ്രവര്‍ത്തന ചിലവ് അടിസ്ഥാനപ്പെടുത്തി ശമ്പളം നിശ്ചയിക്കുന്നതിനുള്‍പ്പെടെ അധികാരം നല്‍കി റെയില്‍വേ വികസന അതോറിറ്റി രൂപീകരിക്കാനും തീരുമാനമായി. ഇതോടെ യാത്രക്കാര്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന സബ്സിഡി അന്യമാകുമെന്നുംയാത്രാ നിരക്ക് രണ്ടിരട്ടിയാകുമെന്നും ഹേമലത ചൂണ്ടിക്കാട്ടി. സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍, വൈസ് പ്രസിഡന്റ് എ കെ പത്മനാഭന്‍, ഗുരുദാസദാസ് ഗുപ്ത (എഐടിയുസി), അശോക് സിങ്ങ് (ഐഎന്‍ടിയുസി) തുടങ്ങിയവര്‍ പങ്കെടുത്തു.

കല്‍ക്കരി, ഉരുക്ക്, ഗതാഗതം, ടെലികോം, പെട്രോളിയം, വൈദ്യുതി, തുറമുഖം, കെട്ടിടനിര്‍മ്മാണം, എഞ്ചിനീയറിങ്, പദ്ധതി തൊഴിലാളികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, റെയില്‍വെ, ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധ നിര്‍മ്മാണം തുടങ്ങി സമസ്തമേഖലയേയും പ്രതിനിധീകരിച്ച് തൊഴിലാളികളും ജീവനക്കാരും മഹാധര്‍ണ്ണയില്‍ അണിനിരന്നു.

'ഞങ്ങള്‍ക്കും ജീവിക്കണം'

ന്യൂഡല്‍ഹി > കിലോമീറ്ററുകള്‍ വെള്ളം ചുമന്ന് സ്കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വച്ചുകൊടുക്കുന്ന തൊഴിലാളികളാണ് ബിഹാറില്‍നിന്ന് മഹാധര്‍ണയ്ക്ക് എത്തിയ സോണിയാദേവിയും കൂട്ടരും. സ്കൂളിലെ ശുചീകരണമുള്‍പ്പെടെയുള്ള ജോലി ഇവര്‍ക്ക് ചെയ്യേണ്ടിവരുന്നു. വേതനം മാസം 1250 രൂപ മാത്രം. മിക്കപ്പോഴും പണം കിട്ടുന്നത് നാലുമാസത്തോളം വൈകി. വിലക്കയറ്റം രൂക്ഷമാകെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയാണ് അവര്‍ക്ക്. അതുകൊണ്ടുതന്നെ പാര്‍ലമെന്റ് സ്ട്രീറ്റിലെ മഹാധര്‍ണ അവര്‍ക്ക് ജീവന്മരണപോരാട്ടമാണ്.
'സ്കൂളില്‍ രാവിലെ എത്തിയാല്‍ വൈകിട്ട് നാലുവരെ പണിചെയ്യണം. വെള്ളം ചുമന്നെത്തിച്ച് കുട്ടികള്‍ക്ക് ചോറും കറിയും വയ്ക്കണം. മുട്ട വിതരണംചെയ്യണമെന്ന് നിര്‍ദേശമുണ്ടെങ്കിലും കിട്ടാറില്ല. അധ്യാപകര്‍ക്കും അതിഥികളെത്തിയാല്‍ അവര്‍ക്കും ചായ ഇട്ടുനല്‍കണം.

അധികൃതരുടെ ഭീഷണികള്‍ക്കുമുന്നില്‍ മൂത്രപ്പുര വൃത്തിയാക്കല്‍വരെ ചെയ്യേണ്ടിവരുന്നു'- മധുപനി ജില്ലയില്‍ ബിജിലിപുര്‍ രാജകീയ പ്രാഥമികവിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതിത്തൊഴിലാളിയായ സോണിയാദേവി പറഞ്ഞു. ജോലിയില്‍നിന്ന് പറഞ്ഞുവിടുമെന്നതിനാല്‍ ഭീഷണികള്‍ അനുസരിക്കേണ്ടിവരും. മോഷണക്കേസില്‍പ്പെടുത്തുമെന്നും അധികൃതര്‍ ഭീഷണിപ്പെടുത്തുന്നു. വിദ്യാര്‍ഥികളായ രണ്ടു കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍പോലും എപ്പോഴെങ്കിലും കിട്ടുന്ന തുച്ഛവേതനംകൊണ്ട് കഴിയുന്നില്ലെന്ന് സോണിയ പറയുന്നു. മറ്റ് തൊഴിലുകള്‍ കിട്ടാത്തതിനാല്‍ പെന്‍ഷനും ആരോഗ്യരക്ഷാപദ്ധതികളും ഒന്നും നല്‍കാത്ത ഈ തൊഴിലില്‍ തുടരുകയാണവര്‍.

സാധാരണക്കാര്‍ക്ക് സഹായമാകുന്ന എല്ലാ പദ്ധതിയുടെയും വിഹിതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് മിഡ് ഡേ മീല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (സിഐടിയു)യുടെ മധുപനി ജില്ലാ സെക്രട്ടറി അജയ്കുമാര്‍ അമര്‍ പറഞ്ഞു. സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിത്തൊഴിലാളികള്‍ക്ക് മാന്യമായ വേതനം സമയത്ത് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഭൂരിപക്ഷം സ്കൂളുകളിലും പാചകപ്പുരകളില്ല. കടുത്ത വെയിലും മഞ്ഞും നേരിട്ട് തുറസ്സായ സ്ഥലങ്ങളില്‍ പാചകംചെയ്യാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നു. പലപ്പോഴും അധ്യാപകരുടെ വീടുകളില്‍ ജോലിചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ കടുത്ത ചൂഷണത്തിനും ഭീഷണിക്കും ഇരയാകുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top