16 November Friday

ബാങ്കുകളുടെ കിട്ടാക്കടം: ധന സെക്രട്ടറിയെ വിളിച്ചുവരുത്തും

സ്വന്തം ലേഖകൻUpdated: Wednesday Jul 11, 2018

ന്യൂഡൽഹി > രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ പ്രതിസന്ധിയിലാക്കിയ കിട്ടാക്കട വിഷയത്തിൽ ധനസെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്താൻ പാർലമെന്റിന്റെ എസ്‌‌റ്റിമേറ്റ്‌‌‌സ് കമ്മിറ്റി തീരുമാനിച്ചു. മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷിയാണ് കമ്മിറ്റി തലവൻ. ധനസെക്രട്ടറി ഹസ്‌‌‌‌മുഖ് അദിയ, അടുത്തിടെ സ്ഥാനമൊഴിഞ്ഞ സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്‌‌‌മണ്യം, ആർബിഐ ഡെപ്യൂട്ടി ഗവർണർ മഹേഷ് കുമാർ ജയിൻ, സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാർഗ് തുടങ്ങിയവരെയാണ് വിളിച്ചുവരുത്തുന്നത്.

സർക്കാരിന്റെ ധനവിനിയോഗരീതിയും കാര്യക്ഷമതയും മറ്റും പരിശോധിക്കുകയെന്ന ഉത്തരവാദിത്തമാണ് പാർലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റിക്കുള്ളത്. കേന്ദ്രസർക്കാർ ഏറെ പ്രതിരോധത്തിലായ വിഷയം ഗൗരവതരം പരിഗണിക്കാനുള്ള എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ തീരുമാനം ബിജെപിക്ക് തിരിച്ചടിയാകും. അരവിന്ദ് സുബ്രഹ്മണ്യത്തെ വിളിച്ചുവരുത്താനുള്ള തീരുമാനത്തെ ബിജെപിയും കേന്ദ്രസർക്കാരും ആശങ്കയോടെയാണ് കാണുന്നത്. കിട്ടാക്കട വിഷയത്തിൽ സർക്കാരെടുത്ത പല നിലപാടുകളോടും സുബ്രഹ്മണ്യം വിയോജിച്ചിരുന്നു. വായ്പാ കുടിശിക വരുത്തിയ സ്ഥാപനങ്ങളെ ബാങ്കുകൾക്ക് ഏറ്റെടുക്കാനാകും വിധം പാപ്പർചട്ടത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു.

എന്നാൽ, അടുത്തിടെ ഊർജ മേഖലയിലെ കിട്ടാക്കടങ്ങൾക്ക് പരിഹാരം കാണാനെന്ന പേരിൽ പ്രത്യേക സ്വത്തു കൈകാര്യ സ്ഥാപനത്തിന് (എഎംസി) ധനമന്ത്രാലയം രൂപം നൽകി. തിരിച്ചടവിൽ വീഴ്ച വരുത്തിയ കോർപ്പറേറ്റുകളെ സഹായിക്കാനാണ്‌ എഎംസി രൂപീകരണമെന്ന് വിമർശനം ഉയർന്നിരുന്നു. ഊർജമേഖലയിലെ കിട്ടാക്കടം ഏതാണ്ട് രണ്ടര ലക്ഷം കോടിയോളമാണ്. രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം നിലവിൽ 10 ലക്ഷം കോടിയിലേറെയാണ്. 2018 മാർച്ചിലെ കണക്കുപ്രകാരം ആകെ വായ്പയുടെ 11.6 ശതമാനം കിട്ടാക്കടമാണ്.

പ്രധാന വാർത്തകൾ
Top