21 November Wednesday

താലിബാൻ പ്രതിനിധികളുമായി വേദി പങ്കിട്ട്‌ മോഡി സർക്കാർ

സ്വന്തം ലേഖകൻUpdated: Saturday Nov 10, 2018

ന്യൂഡൽഹി > ഭീകരസംഘടനയായ താലിബാനുമായി വേദി പങ്കിട്ട‌് മോഡി സർക്കാർ. അഫ‌്ഗാനിസ്ഥാനിലെ സമാധാന പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട‌് മോസ‌്ക്കോയിൽ റഷ്യ വിളിച്ച യോഗത്തിലാണ‌് താലിബാൻ പ്രതിനിധികളുമായി ഇന്ത്യ വേദി പങ്കിട്ടത‌്. അഫ‌്ഗാനിൽ ഇന്ത്യൻ താൽപര്യങ്ങൾക്ക‌് വിരുദ്ധമായി പ്രവർത്തിക്കുന്ന താലിബാനെ മോഡി സർക്കാർ അംഗീകരിക്കുന്നതിന‌് തുല്യമാണ‌് വേദി പങ്കിടലെന്ന‌് നയതന്ത്ര വിദഗ‌്ധർ അഭിപ്രായപ്പെട്ടു.

പാകിസ്ഥാനും അഫ‌്ഗാനിസ്ഥാനും കേന്ദ്രീകരിച്ച‌് പ്രവർത്തിക്കുന്ന ഭീകരസംഘടനകളോട‌് വിട്ടുവീഴ‌്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നായിരുന്നു നരേന്ദ്രമോഡിയുടെയും എൻഡിഎ സർക്കാരിന്റെയും നിലപാട‌്. എന്നാൽ, നിലപാട‌് മയപ്പെടുത്തിയിരിക്കയാണ‌് കേന്ദ്രമിപ്പോൾ. പാകിസ്ഥാൻ സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ‌്ഐയുടെയും സഹായത്തോടെയാണ‌് അഫ‌്ഗാനിൽ താലിബാന്റെ പ്രവർത്തനം. കാബൂളിൽ ഇന്ത്യൻ എംബസിയടക്കം താലിബാൻ ആക്രമിച്ചിരുന്നു. ഇപ്പോഴും അഫ‌്ഗാനിലെ ഇന്ത്യൻകേന്ദ്രങ്ങൾ താലിബാന്റെഭീഷണിയിലാണ‌്.

റഷ്യ വിളിച്ച യോഗത്തിൽ അനൗദ്യോഗികതല പ്രാതിനിധ്യം മാത്രമാണ‌് ഇന്ത്യയുടേതെന്ന‌ാണ‌് വിദേശ മന്ത്രാലയത്തിന്റെ വാദം. മുൻ നയതന്ത്രജ്ഞരായ അമർ സിൻഹയും ടി സി എ രാഘവനുമാണ‌് ഇന്ത്യയെ പ്രതിനിധീകരിച്ചത‌്. കാഠ‌്മണ്ഡുവിൽനിന്ന‌് ഇന്ത്യൻ എയർലൈൻസ‌് വിമാനം താലിബാൻ റാഞ്ചി കാണ്ഡഹാറിലെത്തിച്ചപ്പേൾ ഭീകരർക്ക‌് വഴങ്ങുകയാണ‌് അന്നത്തെ ബിജെപി സർക്കാർ ചെയ‌്തത‌്.

താലിബാൻ പോലുള്ള ഭീകരസംഘടനകളോട‌് വാജ‌്പേയ‌് സർക്കാരിന്റെ കാലത്തെ മൃദുസമീപനം മോഡി സർക്കാരും തുടരുന്നതായാണ‌് ആക്ഷേപം. താലിബാനോടു പോലും വേദി പങ്കിടാൻ തയ്യാറാകുന്ന സർക്കാർ കാശ‌്മീർ വിഘടനവാദികളുമായും മറ്റും ചർച്ച നടത്താൻ എന്തുകൊണ്ട‌് തയ്യാറാകുന്നില്ലെന്ന ചോദ്യവും ഉയരുന്നുണ്ട‌്. വിഘടനവാദികളുമായും മറ്റും ചർച്ച നടത്തി കാശ‌്മീരിൽ സമാധാനം കൊണ്ടുവരാൻ മടിക്കുന്ന സർക്കാരാണ‌് മോസ‌്കോയിലെത്തി താലിബാന‌് കൈകൊടുത്തത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top