21 November Wednesday

വിമതർക്കു കീഴടങ്ങി ബിജെപി നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Saturday Nov 10, 2018

ന്യൂഡൽഹി
വിമതനായി മത്സരിക്കുമെന്ന മുൻ മുഖ്യമന്ത്രി ബാബുലാൽ ഗൗറിന്റെ ഭീഷണിക്കു കീഴടങ്ങിയ ബിജെപി, അദ്ദേഹത്തിന്റെ മരുമകൾ കൃഷ‌്ണഗൗറിന‌് ഗോവിന്ദ‌്പുര സീറ്റ‌് നൽകി. ബിജെപിയുടെ ഉറച്ച സീറ്റായ ഗോവിന്ദ‌്പുരയിൽ തന്നെയോ മരുമകളെയോ മത്സരിപ്പിച്ചില്ലെങ്കിൽ വിമതരായി പത്രിക നൽകുമെന്ന‌് ഗൗർ ഭീഷണി മുഴക്കിയിരുന്നു.

ഗൗറിനെ ഒഴിവാക്കിയാൽ തിരിച്ചടി നേരിടുമെന്ന‌് ഭയന്നാണ‌് ബിജെപി നേതൃത്വം കീഴടങ്ങിയത‌്. 10 തവണ എംഎൽഎയായ ഗൗർ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരകനാകും. ഇൻഡോർ–-3 മണ്ഡലത്തിൽ ജനറൽ സെക്രട്ടറി കൈലാശ‌് വിജയവർഗീയയുടെ മകൻ ആകാശിനെയും പ്രഖ്യാപിച്ചു.
അതേസമയം, 32 പേരടങ്ങുന്ന സ്ഥാനാർഥിപ്പട്ടികയിൽനിന്ന‌് ലോക‌്സഭാ സ‌്പീക്കർ സുമിത്ര മഹാജന്റെ മകൻ മന്ദർ മഹാജനെയും കേന്ദ്രമന്ത്രി നരേന്ദ്രസിങ‌് തോമറിന്റെ മകൻ ദേവേന്ദ്രനെയും ഒഴിവാക്കി. എന്നാൽ, അടുത്തിടെ കോൺഗ്രസ‌് വിട്ട‌് ബിജെപിയിൽ ചേർന്ന എംപി പ്രേംചന്ദ‌് ഗുഡ്ഡുവിന്റെ മകൻ അജിത‌് ബൊറാസി പട്ടികയിലുണ്ട‌്. ഘാട്ടിയ മണ്ഡലത്തിൽ ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയെ ഒഴിവാക്കിയാ‌ണ‌് അജിത്തിനെ ഉൾപ്പെടുത്തിയത‌്. 

മക്കൾക്ക‌് സ്ഥാനാർഥിത്വം ഉറപ്പാക്കാൻ സുമിത്ര മഹാജനും തോമറും നടത്തിയ ശ്രമം തള്ളിയാണ‌് പട്ടിക പ്രഖ്യാപിച്ചത‌്. വിജയ‌് വർഗീയ മകനുവേണ്ടി ആവശ്യപ്പെട്ട ഇൻഡോർ–-2 മണ്ഡലം അനുവദിച്ചുമില്ല. മണ്ഡലം വിട്ടുതരാൻ രമേശ‌് മന്ദോല തയ്യാറാണെന്നും വിജയ‌് നേതൃത്വത്തെ അറിയിച്ചിരുന്നു.


പ്രധാന വാർത്തകൾ
Top