21 November Wednesday

ദേശീയ വനിതാ കമീഷനിൽ അധ്യക്ഷ മാത്രം

വെബ് ഡെസ്‌ക്‌Updated: Saturday Nov 10, 2018


ന്യൂഡൽഹി
രാജ്യമൊട്ടുക്ക‌് സ‌്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം പെരുകുമ്പോഴും ദേശീയ വനിതാ കമീഷൻ നോക്കുകുത്തിയാകുന്നു. അധ്യക്ഷ രേഖാശർമയല്ലാതെ ഒരു അംഗം പോലും കമീഷനിലില്ല. മൂന്നുവർഷംമുമ്പ‌് കാലാവധി കഴിഞ്ഞതുൾപ്പെടെ അഞ്ച‌് അംഗങ്ങളുടെയും ഒഴിവ‌്  ഇനിയും കേന്ദ്രസർക്കാർ നികത്തിയിട്ടില്ല.

സ‌്ത്രീസുരക്ഷയുടെ പേരിൽ മോഡി സർക്കാർ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ പൊള്ളയാണെന്ന‌് തെളിയിക്കുന്നതാണിത‌്. സ‌്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങളും ലൈംഗികാതിക്രമ പരാതികളും മീ ടൂ വെളിപ്പെടുത്തലുകളും കമീഷന്റെ പരിഗണനയിലിരിക്കെയാണ‌് കേന്ദ്രത്തിന്റെ ഗുരുതര കൃത്യവിലോപം.

നിലവിലുണ്ടായിരുന്ന ഏക അംഗം അലോക‌് റാവത്തിന്റെ കാലാവധി ഒക്ടോബർ 19ന‌് അവസാനിച്ചു. അംഗങ്ങളായ ഷമീന ഷഫീഖ‌ിന്റെ കാലാവധി 2015 ഏപ്രിലിലും ലാൽദിൻഗ്ലിയാനിയുടെ കാലാവധി 2016 സെപ‌്തംബറിലും അവസാനിച്ചു. നാലാമത്തെ അംഗം സുഷമ സാഹുവിന്റെ കാലാവധി ആഗസ‌്ത‌് വരെയായിരുന്നു. ഇതേമാസം കാലാവധി അവസാനിച്ച രേഖ ശർമയെ പിന്നീട‌് അധ്യക്ഷയാക്കുകയായിരുന്നു. മോഡി അധികാരത്തിലെത്തിയശേഷം നടത്തിയ ഏക നിയമനം അലോക‌് റാവത്തിന്റെയാണ‌്. വനിതാ കമീഷനിലെ ആദ്യ പുരുഷ അംഗമാണ‌് റാവത്ത‌്.

തൊഴിലിടങ്ങളിൽ സ‌്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള നിയമം ശക്തിപ്പെടുത്താനുള്ള മന്ത്രിതലസമിതിക്ക‌് കമീഷൻ ശുപാർശ നൽകേണ്ടതുണ്ട‌്. വനിതാ കമീഷന‌് കൂടുതൽ അധികാരം നൽകി മന്ത്രിതലസമിതി തയ്യാറാക്കിയ കരട‌് റിപ്പോർട്ട‌് 2015 മുതൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ അനുമതി കാത്ത‌് കിടക്കുകയാണ‌്. കുറ്റക്കാരിൽനിന്ന‌് പിഴ ഈടാക്കാനും രേഖകൾ വിളിച്ചുവരുത്താനും മജിസ‌്ട്രേട്ടിനോട‌് അറസ‌്റ്റ‌് വാറന്റ‌് പുറപ്പെടുവിക്കാൻ ആവശ്യപ്പെടാനും അധികാരം നൽകുന്ന റിപ്പോർട്ടാണ‌് വെളിച്ചംകാണാതെ കിടക്കുന്നത‌്.


പ്രധാന വാർത്തകൾ
Top