Top
21
Sunday, January 2018
About UsE-Paper

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ഭാര്യയ്ക്ക് അനുമതി

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

ഇസ്ളാമാബാദ് > ചാരവൃത്തിയാരോപിച്ച് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്ത നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്ക് അനുമതി. ഇതുസംബന്ധിച്ച അറിയിപ്പ് ഇസ്ളാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷന്‍ ഓഫീസിനെ പാകിസ്ഥാന്‍ രേഖാമൂലം അറിയിച്ചു. മാനുഷികപരിഗണന കണക്കിലെടുത്താണ്കുല്‍ഭൂഷണ്‍ ജാദവിന് ഭാര്യയെ കാണാന്‍ അവസരമൊരുക്കുന്നതെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

2016 മാര്‍ച്ചിലാണ് ഇന്ത്യന്‍ നാവികസേനയുടെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. അനധികൃതമായി പാകിസ്ഥാനില്‍ കടന്നെന്നും ചാരവൃത്തി നടത്തിയെന്നുമാരോപിച്ചായിരുന്നു അറസ്റ്റ്.

കുല്‍ഭൂഷണെ കാണാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുവദിക്കണമെന്ന് കഴിഞ്ഞ ജൂലൈമുതല്‍ ഇന്ത്യ നിരന്തരം പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിസ അപേക്ഷകളോട് പാക് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നില്ല. 15 തവണ വിസ അപേക്ഷ നല്‍കിയിരുന്നെങ്കിലും അവയൊക്കെ പാക് അധികൃതര്‍ നിരസിച്ചു.

കുല്‍ഭൂഷണിന്റെ കേസ് നിലവില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയിലാണ്. കൂല്‍ഭൂഷന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. വിഷയത്തില്‍ അന്താരാഷ്ട്രസമ്മര്‍ദം ശക്തമായതോടെയാണ് പാകിസ്ഥാന്‍ നിലപാട് മയപ്പെടുത്തിയതെന്നാണ് വിവരങ്ങള്‍.

Related News

കൂടുതൽ വാർത്തകൾ »